കൂത്തുപറമ്പ് :ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ കാവിന്മൂല പ്രദേശത്തിന് സമീപം സ്വകാര്യ ക്രഷറിൽനിന്ന് പുറത്തേക്ക് വിടുന്ന കരിങ്കൽചെളിയും മലിനജലവും സമീപത്തെ നിരവധി വീടുകൾക്ക് ഭീഷണി. പ്രദേശവാസികൾ കലക്ടർക്ക് പരാതി നൽകി. വ്യവസായകേന്ദ്രത്തിന് പുറത്ത് ചെങ്കൽ ഖനനം നടത്തി ഒഴിഞ്ഞ ആഴത്തിലുളള കുഴിയിലേക്കാണ് മലിനജലം തുറന്നുവിടുന്നത്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിനോട് ചേർന്നാണ് ഒഴിവാക്കപ്പെട്ട ക്വാറി. വർഷങ്ങളായി ഈ ക്വാറിയിലേക്കാണ് മലിനജലം ഒഴുക്കുന്നത്.
അഞ്ചുവർഷം മുമ്പ് മലിനജലം നിറഞ്ഞഭാഗം പൊട്ടുകയും കുന്നിനുതാഴ്വാരത്തുള്ള കാവിന്മൂല പ്രദേശത്തേക്ക് ശക്തമായി കല്ലും മണ്ണും ഉൾപ്പെടെ ചെളിവെള്ളം ഒഴുകിയെത്തി കാവിന്മൂല ഭാഗത്തുള്ള തോടുകളും വയലും കല്ലും ചെളിയും നിറയുന്ന സ്ഥിതിയുണ്ടായി. പ്രദേശവാസികൾ നിരന്തരം ബന്ധപ്പെട്ടതിനെതുടർ ന്നാണ് ഉടമ ചെളി നീക്കം ചെയ്തത്. കനത്തമഴ തുടരുകയാണെങ്കിൽ ഉരുൾപൊട്ടലിന് സമാന മായ നാശനഷ്ടമുണ്ടാകാനുള്ള സാധ്യതയുണ്ട്. ചെങ്കൽപ്പണക്ക് താഴ്വാരത്തുള്ള 20 കുടുംബങ്ങൾ ഭീതിയിലാണ്. ഏഴ് കുടുംബങ്ങൾ അപകടഭീഷണിയെ തുടർന്ന് വീട്ടിൽ നിന്ന് മാറിത്താമസിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിലനിൽക്കുന്ന ചെങ്കൽപ്പണ മണ്ണിട്ട് മൂടാനാ വശ്യമായ നടപടിയുണ്ടാകണമെന്ന് പരാതിയിൽ പറയുന്നു.
#tag:
കൂത്തുപറമ്പ്