കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തിലെ വികസന പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കണമെന്ന് കെ പി മോഹനൻ എം എൽ എ നിർദ്ദേശിച്ചു.
എം എൽ എ യുടെ പ്രത്യേക വികസന നിധി, ആസ്തി വികസന നിധി, വെള്ളപൊക്ക ദുരിതാശ്വാസ നിധി എന്നിവയിൽ ഉള്‍പ്പെടുത്തി നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന വിവിധ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ വിവിധ പ്രവൃത്തികളുടെ പുരോഗതി അവതരിപ്പിച്ചു. പാനൂർ താലൂക്ക് ആശുപത്രി നവീകരണം, വേറ്റുമ്മൽ ഗോപാലൻ പീടിക റോഡ് നവീകരണം, അമ്മാറമ്പ് കോളനി കുടിവെള്ള പദ്ധതി , കൂത്തുപറമ്പ് ബസ് സ്റ്റാൻ്റിന് മുന്നിൽ മെയിൻ റോഡിൽ കാൽ നട യാത്ര ഒരുക്കാൻ സിഗ്നൽ ലൈറ്റ്, കൂത്തുപറമ്പ് സബ് ജയിലിൽ കുഴൽക്കിണർ നിർമ്മാണം, കൂത്തുപറമ്പ് മുനിസിപ്പാലിറ്റി ടൗൺ ഹാൾ നിർമ്മാണം- രണ്ടാം ഘട്ടം തുടങ്ങിയ നിരവധി പ്രവൃത്തികളുടെ അവലോകനം നടന്നു.
പൂർത്തിയാക്കുവാനുള്ള പ്രവൃത്തികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കുവാൻ എം എൽ എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
യോഗത്തിൽ സബ് കലക്ടർ സന്ദീപ് കുമാർ, സീനിയർ ഫിനാൻസ് ഓഫീസർ ശിവപ്രകാശൻ നായർ,തദ്ദേശ സ്വയം ഭരണ അധ്യക്ഷൻമാർ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു
