Zygo-Ad

സുമനസ്സുകൾ കൈകോർക്കും: രാധാകൃഷ്ണനും മറിയത്തിനും വീടൊരുങ്ങും.


കണ്ണൂർ : മട്ടന്നൂർ പ്രളയം തകർത്തെറിഞ്ഞ ഉരുവച്ചാൽ കയനിയിലെ രാധാകൃഷ്ണനും കുഴിക്കലിലെ മറിയത്തിനും വീട് നിർമിക്കാൻ നാടാകെ ഒരുമിക്കുന്നു. ആറ് മാസത്തിനുള്ളിൽ വീടൊരുക്കനാണ് ജനകീയ കമ്മിറ്റിയുടെ ശ്രമം. മട്ടന്നൂർ നഗരസഭയിൽ അഞ്ച് വീടുകളാണ് ഇത്തവണ പ്രളയം കൊണ്ടുപോയത്. ദുരിതബാധിതരെ പുനരധിവസിപ്പിക്കാനും നാശനഷ്ടങ്ങളുടെ തോത് കണ്ടെത്താനും കെ കെ ശൈലജ എംഎൽഎയുടെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം യോഗം ചേർന്നിരുന്നു. പ്രാദേശിക കമ്മിറ്റികൾ രൂപീകരിച്ച് ജനങ്ങളുടെ കൂട്ടായ്‌മയിൽ വീടൊരുക്കുക എന്നതായിരുന്നു യോഗത്തിലെ പ്രധാന തീരുമാനങ്ങളിലൊന്ന്. അത് വൈകാതെ ഏറ്റെടുത്ത് നടപ്പാക്കുകയാണ് നഗരസഭ. കൂടാതെ വീട് തകർന്ന കുഴിക്കലിലെ ബദറുദീൻ്റെ നിർമാണം പാതിവഴിയിലായ പുതിയ വീടിന് സർക്കാർ സഹായത്തോടൊപ്പം ആവിശ്യമായ മറ്റ് സഹായങ്ങളും കമ്മിറ്റിയൊരുക്കും. ദുരിതബാധിതർക്ക് വീടൊരുക്കാൻ പ്രാദേശിക കമ്മിറ്റി രൂപീകരിക്കുന്നത് ആലോചിച്ചപ്പോൾ തന്നെ നാടൊന്നാകെ ഒരുമിച്ചെത്തി. നിരവധി സഹായ വാഗ്ദാനങ്ങളും യോഗത്തിലുയർന്നു. യോഗം കെ കെശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. ഈ ജനകീയ മാതൃക അനുകരണീയമെന്ന് എംഎൽഎ പറഞ്ഞു. നഗരസഭാ ചെയർമാൻ എൻ ഷാജിത് അധ്യക്ഷനായി. വൈസ് ചെയർമാൻ ഒ പ്രീത, കൗൺസിലർമാരായ പി ശ്രീനാഥ്, എം രഞ്ജിത്ത്, എം ഷീബ, മിനി രാമകൃഷ്ണൻ, രാഷ്ട്രീയ പാർടി പ്രതിനിധികളായ എ കെ സുരേഷ് കുമാർ, സുരേഷ് മാവില, റഫീഖ് ബാവോട്ട്പാറ, മഹല്ല് കമ്മിറ്റി പ്രസിഡന്റ് അബ്ദു‌ൾ റഹിമാൻ ഹാജി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: കെ സുധാകരൻ എംപി, കെ കെ ശൈലജ എംഎൽഎ എൻ ഷാജിത്ത്, പി ശ്രീനാഥ്, ഒ പ്രീത, എ കെ സുരേഷ്കുമാർ, പി പ്രസീന, പി എം രാജൻ (രക്ഷാധികാരി), എം ഷീബ (ചെയർമാൻ). സുരേഷ് മാവില, ബിജു ഏളക്കുഴി, അബ്‌ദുൾ റഹിമാൻ ഹാജി (വൈസ് ചെയർമാൻ). പി പ്രമോദ് (കൺവീനർ), സി പി വിജേഷ്, റഫീഖ് ബാവോട്ടുപാറ, പി അജയൻ (ജോ. കൺവീനർ). കെ രജീഷ് (ട്രഷറർ). സഹായങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർ കെ കെ ശൈലജ എംഎൽഎയുമായോ നഗരസഭയുമായോ ബന്ധപ്പെടാം.

വളരെ പുതിയ വളരെ പഴയ