കണ്ണൂർ: ഗുണമേന്മയുള്ള ഉത്പന്നങ്ങൾക്ക് സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നൽകുന്ന കേരള ബ്രാൻഡ് പദ്ധതിയിൽ ഏറ്റവും മികച്ച നേട്ടവുമായി കണ്ണൂർ ജില്ല. ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് ആറ് സ്ഥാപനങ്ങൾക്ക് കേരള ബ്രാൻഡ് അനുവദിച്ചപ്പോൾ, ഇതിൽ രണ്ട് സ്ഥാപനങ്ങൾ കണ്ണൂർ ജില്ലയിൽ നിന്നാണ്.
അഞ്ചരക്കണ്ടി ഫാർമേഴ്‌സ് സർവ്വീസ് സഹകരണ ബാങ്ക് ലിമിറ്റഡിന്റെ കീഴിലുള്ള സഹകാരി ഇന്റഗ്രേറ്റഡ് കോക്കനട്ട് പ്രോസസിംഗ് പ്ലാന്റ്, തളിപ്പറമ്പ നടുവിൽ മീൻപ്പറ്റി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കെ എം ഓയിൽ ഇൻഡസ്ട്രീസ് എന്നീ വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങൾക്കാണ് ജില്ലയിൽ ആദ്യമായി കേരള ബ്രാന്റ് ലഭിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ഈ സർട്ടിഫിക്കേഷൻ നേടുന്ന ഉത്പന്നങ്ങൾക്ക് ആഭ്യന്തര, അന്തർദേശീയ തലങ്ങളിൽ കേരള ബ്രാൻഡ് നാമത്തിൽ വിപണനം ചെയ്യാനാകും. ഗുണനിലവാരം, ഉത്പാദനത്തിലെ മൂല്യങ്ങൾ എന്നിവ പരിഗണിച്ചാണ് കേരള ബ്രാൻഡിംഗ് നൽകുന്നത്. തുടക്കത്തിൽ വെളിച്ചെണ്ണയ്ക്കും തുടർന്ന് 14 ഉത്പന്നങ്ങൾക്കുമാണ് കേരള ബ്രാൻഡിംഗ് നൽകുന്നത്.
അഞ്ചരക്കണ്ടി ഫാർമേഴ്‌സ് കോ-ഓപ്പറേറ്റീവ് ബാങ്ക് കർഷകരെ സഹായിക്കാൻ വേണ്ടിയാണ് 2002 ൽ നാളികേര സംസ്‌കരണ യൂണിറ്റ് തുടങ്ങിയത്. കർഷകരിൽ നിന്നും നാളികേരം മാർക്കറ്റ് വിലയേക്കാൾ കൂടുതൽ വിലയിൽ സംഭരിച്ചാണ് വെളിച്ചെണ്ണ തയ്യാറാക്കിയത്. അതുകൊണ്ട് തന്നെ ശുദ്ധമായതും മായം കലരാത്തതുമായ വെളിച്ചെണ്ണ നൽകാൻ സഹകാരിക്ക് സാധിക്കുന്നുണ്ട്.
നബാർഡ് സഹായത്തോടെ അത്യാധുനിക സംവിധാനമുള്ള സഹകാരി ഇന്റഗ്രേറ്റഡ് കോക്കനട്ട് പ്ലാന്റ് 2016 ഒക്ടോബറിൽ ആനേനിമൊട്ടയിൽ പ്രവർത്തനം തുടങ്ങി. വെളിച്ചെണ്ണ, തേങ്ങാപ്പാൽ, വെർജിൻ കോക്കനട്ട് ഓയിൽ, കോക്കനട്ട് ചിപ്‌സ്, സോഫ്റ്റ് ഡ്രിങ്ക് വിനാഗിരി ചിരവിയ തേങ്ങ എന്നിവ ഉല്പാദിപ്പിക്കുന്നു. 51 സ്ഥിരം തൊഴിലാളികളും 10 താൽക്കാലിക തൊഴിലാളികളും ജോലി ചെയ്യുന്നു. ഐഎസ്ഒ, അഗ്മാർക്ക് ട്രേഡ്മാർക്ക് സർട്ടിഫിക്കേഷനുകൾ യൂണിറ്റുകൾ ലഭിച്ചിട്ടുണ്ട്.
നബാർഡ് ബെസ്റ്റ് യൂണിറ്റ് കോക്കനട്ട് ഡെവലപ്പ്‌മെന്റ് ബോർഡ് ബെസ്റ്റ് യൂണിറ്റ് സംസ്ഥാന സഹകരണ അവാർഡ് എന്നിവ നേടിയിട്ടുണ്ട്.
ജോസ് കാഞ്ഞമലയുടെ ഉടമസ്ഥതയിൽ നടുവിൽ മീൻപ്പറ്റിയിൽ 42 വർഷമായി പ്രവർത്തിക്കുന്ന യൂണിറ്റാണ് കെ.എം ഓയിൽ ഇൻഡസ്ട്രീസ്. വെളിച്ചെണ്ണ നിർമ്മാണത്തിൽ അഗ്മാർക്കും ഐഎസ്‌ഐ സർട്ടിഫിക്കറ്റും ഉള്ള ഇന്ത്യയിലെ ആദ്യത്തെ കമ്പനിയാണ്. മലയോരം, കെ.എം.എൽ എന്നിവയാണ് വെളിച്ചെണ്ണയിലെ ഇൻ ഹൗസ് ബ്രാൻഡുകൾ, കേരള, കർണ്ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ് നാട് എന്നിവിടങ്ങളിൽ ആഭ്യന്തരമായും യു.എ.ഇ, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ അന്തർദേശീയമായും പ്രവർത്തിക്കുന്നു.
ഇൻ ഹൗസ് ബ്രാൻഡുകൾക്കൊപ്പം 24 രാജ്യങ്ങളിൽ വിതരണം ചെയ്യുന്ന കേരളത്തിലേയും, മീഡിൽ ഈസ്റ്റിലേയും ഏകദേശം 14 പ്രശസ്ത കമ്പനികൾക്കായി സ്വകാര്യ ലേബലിംഗിൽ ഏർപ്പെട്ടിരിക്കുന്നു. സപ്ലൈകോയുടെ അവരുടെ ബ്രാൻഡായ ശബരിക്ക് വേണ്ടി സ്വകാര്യ ലേബലിംഗും ചെയ്യുന്നു.