ഇരിട്ടി: എഴുത്തും വായനയുമറിയാത്ത നാലു വയസുകാരൻ 33 സെക്കന്‍റുകൊണ്ട് 50 കാറുകളുടെ പേരുപറഞ്ഞ് ലോക റിക്കാർഡ് നേടി. ഇരിട്ടി കീഴൂർ സ്വദേശിയും വിമുക്ത ഭടനുമായ രജിത് നിവാസിൽ ടി. രജിത്ത് – കണ്ണൂർ മോണ്ടിസോറി സ്‌കൂൾ അധ്യാപിക എൻ. സോന ദന്പതികളുടെ മകൻ ശിവാംശ് ആണ് ടൈം വേൾഡ് റിക്കാർഡിൽ ഇടം പിടിച്ചത്. ഏത് കാറ് കണ്ടാലും അല്ലെങ്കിൽ ഇതിന്‍റെ ചിത്രമോ ലോഗോയോ കണ്ടാലും ഉടൻ കാർ ഏതാണെന്ന് തിരിച്ചറിയാനും അത് പറയാനും ശിവാംശിനാകും.
ഏതാനും ആഴ്ചകൾക്ക് മുന്പാണ് മകന്റെ കഴിവ് തിരിച്ചറിഞ്ഞതെന്ന് പിതാവ് രജിത്ത് പറഞ്ഞു. യാത്ര ചെയ്യുമ്പോൾ കാണുന്ന വാഹനങ്ങൾ പേരുകൾ ചോദിക്കുക മാത്രമല്ല ഓർമിച്ചുവയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് മനസിലാക്കിയതോടെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടലിൽ ടൈം വേൾഡ് റിക്കാർഡ് അധികൃതർ ശിവാംശിന്റെ കഴിവ് പരിശോധിച്ചു. 33 സെക്കൻഡിൽ ഇവർ കാണിച്ച അൻപതിലേറെ കാറുകളുടെ ചിത്രങ്ങൾ തിരിച്ചറിയു കയും പേര് പറയുകയും ചെയ്തു. കാറുകളുടെ ലോഗോ കാണിച്ചുള്ള പരിശോധനയിൽ ഒരു മിനിറ്റ് 57 സെക്കൻഡിൽ 110 കാറുകൾ തിരിച്ചറിഞ്ഞു. ഇതോടെയാണ് ടൈം വേൾഡ് റിക്കാർഡ് അധികൃതർ ശിവാംശിന് വേൾഡ് റിക്കാർഡ് സർട്ടിഫിക്കറ്റ് നൽകിയത്.