കേരളം : അന്താരാഷ്ട്ര വനിതാദിനത്തിൽ സ്ത്രീഡ്രൈവർമാർക്ക് ‘സല്യൂട്ടു’മായി മോട്ടോർവാഹനവകുപ്പിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പോസ്റ്റ്. വനിതാഡ്രൈവർമാർ വരുത്തുന്ന റോഡപകടങ്ങൾ കുറവാണെന്ന് സാധൂകരിക്കാൻ കണക്കുകൾ സഹിതമാണ് പോസ്റ്റ്. സ്ത്രീപുരുഷഭേദമെന്യേ നിരവധി പേർ പോസ്റ്റിന് ലൈക്ക് ചെയ്തു. ട്രോളുന്നതും വിമർശിക്കുന്നതുമായ പോസ്റ്റുകളുമുണ്ട് കൂട്ടത്തിൽ.പോസ്റ്റ് ഇങ്ങനെ: നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണ തിരുത്തണമെന്ന് മോട്ടോർവാഹനവകുപ്പ് ആഗ്രഹിക്കുന്നു.
സ്ത്രീകൾ ഡ്രൈവിങ്ങിൽ മോശമാണെന്നും അതിനാൽ കൂടുതൽ റോഡപകടങ്ങൾ സംഭവിക്കുന്നു എന്നുമുള്ള തെറ്റായ കാഴ്ചപ്പാട് പൊതുവേയുണ്ട്. 2022-ൽ ദേശീയതലത്തിൽ സംഭവിച്ചിട്ടുള്ള റോഡപകടങ്ങളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ ഏകദേശം 76,907 ഡ്രൈവർമാർ കൊല്ലപ്പെട്ടിട്ടുണ്ട്. അതിൽ 96.3 ശതമാനം പുരുഷഡ്രൈവർമാരും 3.7 ശതമാനം സ്ത്രീഡ്രൈവർമാരുമാണ്.
പൊതുവേ സ്ത്രീകൾ കൂടുതൽ ശ്രദ്ധാലുക്കളും മറ്റുള്ളവർക്ക് പരിഗണന നൽകുന്നവരുമാണ്. അനാരോഗ്യകരമായ മത്സരബുദ്ധി കാണിക്കാത്തതിനാൽ അപകടസാധ്യതയും കുറയുന്നു. അവരുടെ ഉയർന്ന മാനസികക്ഷമത അവരെ എപ്പോഴും സുരക്ഷിതഡ്രൈവർമാരാക്കുന്നു. പ്രിയ സഹോദരിമാരെ, അകാരണമായ ഭയംമൂലം ഡ്രൈവിങ്ങിൽനിന്ന് മാറിനിൽക്കാതെ നിങ്ങളുടെ സ്വപ്നങ്ങൾ നേടിയെടുക്കുന്നതിന് കഠിന പരിശ്രമം ചെയ്യൂ. പൂർണപിന്തുണയുമായി മോട്ടോർവാഹനവകുപ്പ് നിങ്ങൾക്കൊപ്പം.
അപകടം സംഭവിക്കുമോയെന്ന ആശങ്ക മൂലം ഡ്രൈവിങ്ങ് പഠിക്കാൻ വിമുഖത കാണിക്കുന്ന സ്ത്രീകൾക്ക് ആത്മവിശ്വാസം പകരുന്നതിനാണ് സ്ത്രീകൾ എങ്ങനെ മികച്ച ഡ്രൈവർമാർ ആകുന്നുവെന്ന കാരങ്ങൾ മോട്ടോർ വാഹനവ വകുപ്പ് വിശദീകരിക്കുന്നത്. ഡ്രൈവിങ്ങ് പഠിക്കുകയും സ്വയം വാഹനമോടിച്ച് ഓരോ സ്ത്രീയും പുതിയ ലോകത്തിലേക്ക് ചുവടുവയ്ക്കേണ്ട കാലമാണിതെന്നാണ് മോട്ടോർ വാഹന വകുപ്പ് അഭിപ്രായപ്പെടുന്നത്.ഇരുകൈകളുമില്ലാത്ത ജിലുമോൾ എന്ന വനിത ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കിയതും മോട്ടോർവാഹനവകുപ്പ് അവർക്ക് പിന്തുണ നൽകിയതും പോസ്റ്റിൽ പരമാർശിക്കുന്നുണ്ട്. അപകടക്കണക്ക് ഉൾപ്പെടുത്തിയുള്ള പോസ്റ്റിന് ഒരാളിട്ട പോസ്റ്റ് ഇങ്ങനെ: ‘ഇന്ത്യയിലെ സ്ത്രീഡ്രൈവർമാരുടെ ശരാശരി കണക്കുകൂടി പറഞ്ഞാൻ മാത്രമല്ലേ ചിത്രം വ്യക്തമാകൂ.