കൊച്ചി : ഉംറ വിസാ കാലാവധി മൂന്ന് മാസമായി ദീർഘിപ്പിച്ചു. ഉംറ വിസയിലെത്തുന്നവർക്ക് സൗദിയിൽ എവിടെയും സഞ്ചരിക്കാമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രി തൗഫിഖ് അൽ റബിയ വ്യക്തമാക്കി. നിലവിൽ ഒരു മാസമാണ് ഉംറ വിസയുടെ കാലാവധി.
ഉംറ വിസയിലെത്തുന്നവർക്ക് മക്ക മദീന നഗരങ്ങൾക്ക് പുറമേ സൗദിയിൽ എവിടെയും സഞ്ചരിക്കാനുള്ള അനുമതിയും നൽകും. കൂടുതൽ
തീർത്ഥാടകരെയും സന്ദർശകരെയും സൗദിയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. 24 മണിക്കൂറിനുള്ളിൽ ഓൺലൈൻ വഴി ഉംറ വിസ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. സർവീസ് ഏജൻസികൾ വഴിയല്ലാതെ തീർത്ഥാടകർക്ക് തന്നെ ഓൺലൈൻ വഴി ഇപ്പോൾ ഉംറ വിസ ലഭിക്കും.
തീർത്ഥാടകർക്ക് തന്നെ തങ്ങൾക്ക് താത്പര്യമുള്ള താമസം, യാത്ര തുടങ്ങിയവ ഉൾക്കൊള്ളുന്ന പാക്കേജ് തെരഞ്ഞെടുക്കാൻ ഇതുവഴി സാധിക്കും. കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഹജജ് വേളയിൽ എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും തീർത്ഥാടകരുടെ ആരോഗ്യത്തിനാണ് മുൻഗണന നൽകുകയെന്നും തൗഫിഖ് അൽ റബിയ അറിയിച്ചു.