ദില്ലി: ഖാരിഫ് വിളകളുടെ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി. ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഈ തീരുമാനത്തിന് അംഗീകാരം നല്‍കി. രാജ്യത്ത് നിന്ന് കാര്‍ഷികോല്‍പ്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്. നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 100 രൂപ കൂട്ടി. ഇതോടെ ക്വിന്റലിന് 2024 രൂപയാണ് താങ്ങുവില.
കേരളത്തില്‍ ഇക്കഴിഞ്ഞ ബജറ്റില്‍ നെല്ലിന്റെ സംഭരണ വില 28 രൂപ 20 പൈസ ആയി ഉയര്‍ത്തിയിരുന്നു. ഇത് പ്രകാരം കേരളത്തില്‍ ക്വിന്റലിന് വില 2820 രൂപയാണ്. കേരളം നിശ്ചയിച്ച നെല്ലിന്റെ ഉയര്‍ന്ന താങ്ങുവിലയില്‍ 19.40 രൂപ കേന്ദ്രസര്‍ക്കാരിന്റെ വിഹിതമായിരുന്നു. അതായത് 1940 രൂപയാണ് ക്വിന്റലിന് കേന്ദ്രം നല്‍കി വന്നിരുന്ന വിഹിതം. ഇത് ഇനി മുതല്‍ 2024 രൂപയായി മാറും. അങ്ങിനെ വരുമ്പോള്‍ കേരളം ഇതനുസരിച്ച് താങ്ങുവില ഉയര്‍ത്തിയാല്‍ മാത്രമേ കേരളത്തിലുള്ള നെല്‍ക്കര്‍ഷകര്‍ക്ക് അത് നേട്ടമാകൂ.