Zygo-Ad

നോട്ടുനിരോധനം പ്രഹസനമായി ; കള്ളനോട്ട്‌ വ്യാപിക്കുന്നെന്ന്‌ ആര്‍ബിഐ

മുംബൈ: രാജ്യത്ത്‌ പ്രചാരത്തിലുള്ള കള്ളനോട്ടിന്റെ എണ്ണത്തിൽ വൻ കുതിപ്പെന്ന്‌ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2021 –-22 വാര്‍ഷിക റിപ്പോര്‍ട്ട്. അഞ്ഞൂറിന്റെ കള്ളനോട്ടുകളിൽ മുൻവർഷത്തെക്കാൾ 101.9 ശതമാനം വര്‍ധനയുണ്ടായി. രണ്ടായിരത്തിന്റെ കള്ളനോട്ടിൽ 54.6 ശതമാനത്തിന്റെയും വർധന. അതേസമയം, രാജ്യത്തെ 97 ശതമാനം ആളുകള്‍ക്കും കള്ളനോട്ടുകള്‍ തിരിച്ചറിയാനാകുമെന്ന്‌ റിപ്പോര്‍ട്ട് അവകാശപ്പെട്ടു. കള്ളപ്പണവും കള്ളനോട്ടും പിടികൂടാൻ 2016 നവംബർ എട്ടിന്‌ നോട്ടുനിരോധനം നടപ്പാക്കിയ മോദി സര്‍ക്കാരിന്റെ  പരിഷ്കാരത്തിന്റെ പൊള്ളത്തരം ആവർത്തിച്ചു വ്യക്തമാക്കുന്നതാണ്‌ ആർബിഐ റിപ്പോർട്ടെന്ന്‌ വിമർശം ശക്തമായി. 10, 20, 200 രൂപയുടെ കള്ളനോട്ടുകള്‍ യഥാക്രമം 16.4, 16.5, 11.7 ശതമാനം വര്‍ധിച്ചു. 50, 100 രൂപയുടെ കള്ളനോട്ടുകള്‍ യഥാക്രമം 28.7, 16.7 ശതമാനമായി കുറഞ്ഞു. പ്രചാരത്തിലുള്ള മൊത്തം ബാങ്കുനോട്ടിന്റെ മൂല്യത്തിന്റെ 87.1 ശതമാനവും 2000, 500 നോട്ടുകളാണ്. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുമ്പോഴും രാജ്യത്തെ കറന്‍സിയുടെ ഉപയോ​ഗം കഴിഞ്ഞവര്‍ഷത്തേക്കാള്‍ അഞ്ചുശതമാനം വര്‍ധിച്ചെന്നും ആര്‍ബിഐ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ