പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷ അന്തരീക്ഷം കേരളത്തിൽ നിന്നുള്ള വിമാന മാർഗമുള്ള പഴം പച്ചക്കറി കയറ്റുമതിയെ സാരമായി ബാധിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കോഴിക്കോട് തിരുവനന്തപുരം കണ്ണൂർ വിമാനത്താവളങ്ങൾ വഴിയുള്ള കയറ്റുമതിയിൽ 15 മുതൽ 44 ശതമാനം വരെ കുറവ് രേഖപ്പെടുത്തി. എന്നാൽ ഈ പ്രതിസന്ധികൾക്കിടയിലും കൊച്ചി വിമാനത്താവളം വഴി നടന്ന കയറ്റുമതിയിൽ വർധനവുണ്ടായിട്ടുണ്ട്. 2025 2026 വർഷങ്ങളിലെ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കണക്കുകൾ അടിസ്ഥാനമാക്കി കേരള എക്സ്പോർട്ടേഴ്സ് ഫോറം തയാറാക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്.
ഏറ്റവും കനത്ത തിരിച്ചടി നേരിട്ടത് കണ്ണൂർ വിമാനത്താവളത്തിനാണ്. ഇവിടെ നിന്നുള്ള കയറ്റുമതിയിൽ 44 ശതമാനത്തിന്റെ കുറവുണ്ടായി. കോഴിക്കോട് വിമാനത്താവളത്തിൽ 18 ശതമാനവും തിരുവനന്തപുരത്ത് 15 ശതമാനവും ഇടിവ് രേഖപ്പെടുത്തി. അതേസമയം കൊച്ചിയിൽ നിന്ന് 20.9 ശതമാനം വർധനവുണ്ടായി. കോഴിക്കോട് തിരുവനന്തപുരം കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള പഴങ്ങളും പച്ചക്കറികളും പ്രധാനമായും ഗൾഫ് രാജ്യങ്ങളിലേക്കാണ് അയക്കുന്നത്. എന്നാൽ കൊച്ചിയിൽ നിന്ന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് ഉൾപ്പെടെ നേരിട്ട് കയറ്റുമതി ചെയ്യാനുള്ള സൗകര്യങ്ങൾ നേരത്തെ തന്നെയുണ്ട്. തിരുവനന്തപുരത്തും കോഴിക്കോടും ഈയിടെ മാത്രമാണ് ഇതിനുള്ള അനുമതി ലഭ്യമായത്.
കയറ്റുമതി നടപടികൾ വേഗത്തിലാക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഒരുക്കി നൽകിയാൽ ഈ മേഖലയിൽ സംസ്ഥാനത്തിന് വലിയ വളർച്ച നേടാനാകുമെന്ന് കേരള എക്സ്പോർട്ടേഴ്സ് ഫോറം സെക്രട്ടറി മുൻഷിദ് അലി വ്യക്തമാക്കി.
