കച്ചവടം മെച്ചപ്പെടുത്തുന്നതിനായി കടം വാങ്ങിയ വ്യാപാരികൾ ദിവസപ്പലിശ സംഘങ്ങളുടെ കടക്കെണിയിൽ അകപ്പെട്ട് സാമ്പത്തികമായി തകരുന്നതായി പരാതി. നഗരത്തിലും പരിസരപ്രദേശങ്ങളിലും സജീവമായ മീറ്റർ പലിശ സംഘങ്ങളുടെ കെണിയിൽപ്പെട്ട് പലരും ലക്ഷങ്ങളുടെ ബാധ്യതയിലേക്കാണ് നീങ്ങുന്നത്. തിരിച്ചടവ് മുടങ്ങുന്നതോടെ സംഘാംഗങ്ങളുടെ ഭാഗത്തുനിന്ന് കടുത്ത ഭീഷണിയും സമ്മർദവും നേരിടേണ്ടി വരുന്നതായും ഇരയായവർ പറയുന്നു.
24 മണിക്കൂറിനുള്ളിൽ പണം തിരിച്ചടയ്ക്കണമെന്ന കടുത്ത വ്യവസ്ഥയിലാണ് ഇടപാടുകൾ നടക്കുന്നത്. 2000 രൂപ വായ്പ അനുവദിക്കുമ്പോൾ 200 രൂപ പലിശ മുൻകൂട്ടി കുറച്ച് 1800 രൂപ മാത്രമാണ് കൈമാറുന്നത്. പിറ്റേന്ന് രാവിലെ 2000 രൂപ തിരിച്ചുനൽകണം. കൃത്യമായി തിരിച്ചടവ് നടത്തുന്നവർക്ക് വായ്പത്തുക വർധിപ്പിച്ചു നൽകും. 10,000 രൂപ വായ്പ നൽകുമ്പോൾ 1000 രൂപ പലിശ കുറച്ച് 9000 രൂപയാണ് നൽകുന്നത്.
തിരിച്ചടവ് മുടങ്ങുന്നതോടെയാണ് കെണിയുടെ ആഴം വർധിക്കുന്നത്. മറ്റൊരു ഇടപാടുകാരനിൽനിന്ന് പണം ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പുതിയ വായ്പ നൽകും. ഇതിൽനിന്ന് പഴയ മുതലും പലിശയും ഈടാക്കിയ ശേഷം ബാക്കി വരുന്ന ചെറിയ തുക മാത്രമാണ് വ്യാപാരിക്ക് ലഭിക്കുക. ഇത്തരത്തിൽ 10,000 രൂപയുടെ ബാധ്യത ഇരട്ടിയോളം വർധിക്കുന്ന സാഹചര്യമാണുള്ളത്. 20,000 രൂപ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നാൽ പ്രതിദിനം 2000 രൂപ വരെ പലിശ നൽകേണ്ടിവരുന്നതായും പരാതിയുണ്ട്. ഗൂഗിൾ പേ ഉൾപ്പെടെയുള്ള ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങൾ വഴിയാണ് പണം കൈമാറുന്നതും തിരിച്ചടവ് സ്വീകരിക്കുന്നതും. ഇരിട്ടിയിലെ ചീട്ടുകളി സംഘങ്ങളിലെ അംഗങ്ങൾക്കും ഇത്തരത്തിൽ ദിവസപ്പലിശയ്ക്ക് പണം നൽകുന്നുണ്ടെന്നാണ് വിവരം.
ദിവസപ്പലിശ സംഘങ്ങളുടെ ചതിക്കുഴിയിൽപ്പെട്ട് ഏകദേശം 35 ലക്ഷം രൂപയുടെ ബാധ്യതയിലായ ഒരു വഴിയോരക്കച്ചവടക്കാരന്റെയും 2000 രൂപ കടം വാങ്ങിയതിന് 2 ലക്ഷം രൂപ തിരിച്ചടയ്ക്കാൻ ഭീഷണി നേരിടുന്ന ഒരു ചായക്കടക്കാരന്റെയും ദയനീയ അവസ്ഥ നഗരത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. വിവിധ രാഷ്ട്രീയ കക്ഷികളുമായി ബന്ധമുള്ളവരും ക്രിമിനൽ പശ്ചാത്തലമുള്ളവരുമാണ് ഈ വലിയ സാമ്പത്തിക റാക്കറ്റിന് പിന്നിലെന്ന് വ്യാപാരികൾ ആരോപിക്കുന്നു. അനധികൃത പണമിടപാടുകൾക്കെതിരെ പൊലീസ് ഉൾപ്പെടെയുള്ള അധികൃതർ അടിയന്തര അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
