Zygo-Ad

ഉറ്റബന്ധുക്കൾ തമ്മിലുള്ള വിവാഹം തടയാൻ നിയമനിർമ്മാണം ആലോചിക്കണം; കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി


ന്യൂഡൽഹി: അടുത്ത രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹങ്ങൾ (Consanguineous marriages) തടയുന്നതിന് നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി. ഇത്തരം വിവാഹങ്ങൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് കോടതിക്ക് മാത്രമായി തീരുമാനമെടുക്കാൻ കഴിയില്ലെന്നും, സാമൂഹിക പരിഷ്കരണ നിയമങ്ങളിലൂടെ മാത്രമേ ഇത് സാധ്യമാകൂ എന്നും ബെഞ്ച് വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണം. അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹം മൂലം ജനിക്കുന്ന കുട്ടികൾക്കുണ്ടാകുന്ന ഗുരുതരമായ ജനിതക രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി ബെംഗളൂരുവിലെ നിയമവിദ്യാർത്ഥിനി ചാർവി എസ്. സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

നിയമനിർമ്മാണത്തിനായി പാർലമെന്റിന് നിർദ്ദേശം നൽകാൻ കോടതി ഉദ്ദേശിക്കുന്നില്ലെന്നും, എന്നാൽ വിഷയത്തിന്റെ ഗൗരവം സർക്കാരിനെ ബോധ്യപ്പെടുത്തുക മാത്രമാണ് ലക്ഷ്യമിടുന്നതെന്നും ബെഞ്ച് വ്യക്തമാക്കി. നിയമനിർമ്മാണത്തിന്റെ സാധ്യതയ്‌ക്കൊപ്പം ഇത്തരം വിവാഹങ്ങൾ സൃഷ്ടിക്കുന്ന ജനിതക അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തുന്നതിനെക്കുറിച്ചും കേന്ദ്രം നിലപാട് അറിയിക്കണം. സ്കൂൾ-കോളേജ് പാഠ്യപദ്ധതികളിൽ ഇത് ഉൾപ്പെടുത്തുന്ന കാര്യവും പരിഗണിക്കാവുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. വിവാഹം വ്യക്തിപരമായ തിരഞ്ഞെടുപ്പാണെങ്കിലും, ആരോഗ്യപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് കൃത്യമായ അറിവോടെ തീരുമാനമെടുക്കാൻ വ്യക്തികൾക്ക് സാധിക്കണമെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.



വളരെ പുതിയ വളരെ പഴയ