പത്തനംതിട്ട: ശബരിമലയിൽ മണ്ഡലകാല തീർഥാടനത്തിനിടെ അരവണ വിൽപ്പനയിൽ വൻ ഇടിവ്. കഴിഞ്ഞ വർഷം ആദ്യ ആറു ദിവസങ്ങളിൽ 18 ലക്ഷം ടിൻ അരവണ വിറ്റ സ്ഥാനത്ത് ഇത്തവണ 9 ലക്ഷം ടിൻ മാത്രമാണ് വിറ്റുപോയത്. വിൽപ്പന പകുതിയായി കുറഞ്ഞതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഇതുവരെ എട്ട് കോടിയിലേറെ രൂപയുടെ വരുമാന നഷ്ടമുണ്ടായതായാണ് കണക്കുകൾ.
കഴിഞ്ഞ വർഷം നവംബർ 20-ന് 4.25 ലക്ഷം ഡപ്പി അരവണ വിറ്റിരുന്നിടത്ത് ഈ വർഷം ഇതേ ദിവസം 2.8 ലക്ഷം ഡപ്പി മാത്രമാണ് വിറ്റത്. കഴിഞ്ഞ സീസണിൽ ഈ സമയത്തെ ശരാശരി പ്രതിദിന വിൽപ്പന 3.5 ലക്ഷം ഡപ്പിയായിരുന്നു. നിലവിൽ ദേവസ്വം ബോർഡിന്റെ കൈവശം ഏകദേശം 40 ലക്ഷം ടിൻ അരവണ സ്റ്റോക്കുണ്ട്.
കഴിഞ്ഞ വർഷം 47 ലക്ഷം ഡപ്പി അരവണയുടെ കരുതൽ ശേഖരത്തോടെയായിരുന്നു തീർഥാടനകാലം തുടങ്ങിയത്. ഇക്കുറി 38 ലക്ഷം ഡപ്പി കരുതൽ ശേഖരവുമായാണ് സീസൺ ആരംഭിച്ചത്. 24 മണിക്കൂറും അരവണ ഉൽപാദനം നടക്കുന്നുണ്ടെങ്കിലും ശബരിമലയിൽ എത്തുന്ന ഭക്തരുടെ എണ്ണത്തിലുണ്ടായ കുറവാണ് വിൽപ്പനയെ സാരമായി ബാധിച്ചിരിക്കുന്നത്.
