Zygo-Ad

പാലക്കാട് സ്‌കൂളിൽ ഒൻപതാം ക്ളാസുകാരന് സഹപാഠിയുടെ വെടിയേറ്റു; തോളിന് പരിക്ക്


പാലക്കാട് പള്ളിപ്പുറം പരുതൂർ ഹയർസെക്കൻഡറി സ്‌കൂളിൽ ഒൻപതാം ക്ളാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു. ഇന്നുരാവിലെ 11 മണിയോടെ ക്ളാസ് മുറിയിലായിരുന്നു സംഭവം. വെടിയേറ്റ വിദ്യാർത്ഥിയുടെ തോളിനാണ് പരിക്കേറ്റത്. ഇയാളെ മലപ്പുറം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

സഹപാഠികളെ കാണിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടിയതാണെന്നാണ് പ്രാഥമിക വിവരം. ആകെ മൂന്ന് തവണ വെടിവച്ചതായാണ് സൂചന. ഇതിൽ രണ്ടുതവണ ക്ളാസിന് പുറത്തേക്കാണ് വെടിയുതിർത്തത്. മൂന്നാമത്തെ വെടിയാണ് സഹപാഠിയുടെ തോളിൽ കൊണ്ടത്.

വിദ്യാർത്ഥിയുടെ കൈവശമുണ്ടായിരുന്നത് നാടൻ തോക്കാണ് എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇത് പഴയകാലത്തെ റിവോൾവർ തോക്കാണോ എന്നും സംശയമുണ്ട്. സംഭവത്തിൽ വിദ്യാർത്ഥിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വെടിവയ്ക്കാനുള്ള കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.


 

വളരെ പുതിയ വളരെ പഴയ