കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശുവിന്റെ മൃതദേഹവുമായി ബന്ധപ്പെട്ട പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ നിർണ്ണായക വിവരങ്ങൾ പുറത്തുവന്നു. കുഞ്ഞിന്റെ പൊക്കിൾക്കൊടി മുറിച്ചത് കൂർത്ത ആയുധം കൊണ്ടല്ല, മറിച്ച് അത്ര മൂർച്ചയില്ലാത്ത വസ്തു കൊണ്ടാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. പ്രസവം നടന്നത് ബീച്ചിലോ സമീപത്തോ ആയിരിക്കാനുള്ള സാധ്യതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
കുഞ്ഞ് ജനനത്തിന് മുമ്പോ ജനനസമയത്തോ മരിച്ചതാണെന്നും കുഞ്ഞ് ശ്വാസമെടുത്തിരുന്നില്ലെന്നും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പൊക്കിൾക്കൊടി വേർപെടാത്ത നിലയിലുള്ള പെൺകുഞ്ഞിന്റെ മൃതദേഹം കഴിഞ്ഞ ബുധനാഴ്ച രാവിലെ ആറുമണിയോടെ ഫ്രീഡം സ്ക്വയർ ഓപ്പൺ സ്റ്റേജിന് സമീപമാണ് പ്രഭാതസവാരിക്കിറങ്ങിയവരുടെ ശ്രദ്ധയിൽപ്പെട്ടത്. ആദ്യം കളിപ്പാട്ടമോ ബൊമ്മയോ ആണെന്ന് കരുതിയെങ്കിലും, സുരക്ഷാ ജീവനക്കാരും നാട്ടുകാരും പരിശോധിച്ചപ്പോഴാണ് നവജാത ശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.
പുലർച്ചെ 3.30 വരെ ബീച്ചിൽ പോലീസ് പട്രോളിംഗ് ഉണ്ടായിരുന്നുവെന്നും അതിനുശേഷം രാവിലെ ആറുമണിക്കുള്ളിലാണ് മൃതദേഹം ഉപേക്ഷിച്ചതെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കുഞ്ഞിന്റെ അമ്മയെയും മൃതദേഹം ഉപേക്ഷിക്കാൻ എത്തിയവരെയും കണ്ടെത്തുന്നതിനായി ബീച്ച് പരിസരത്തെയും സമീപ റോഡുകളിലെയും സി.സി.ടി.വി ദൃശ്യങ്ങളും ആശുപത്രി വിവരങ്ങളും കേന്ദ്രീകരിച്ച് വെള്ളയിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
