Zygo-Ad

ക്രിസ്മസ് - ന്യൂ ഇയർ കേക്കുകൾക്കായി സൂക്ഷിച്ച 16,000-ത്തിലധികം ചീമുട്ടകൾ പിടികൂടി; സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും


കോഴിക്കോട്: ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾക്ക് തയ്യാറാക്കുന്ന കേക്കുകളിൽ ഉപയോഗിക്കാനായി സൂക്ഷിച്ച 16,000-ത്തിലധികം ചീഞ്ഞതും പുഴുവരിച്ചതുമായ മുട്ടകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തു. കുന്നമംഗലം ഫുഡ് സേഫ്റ്റി സർക്കിളിന് കീഴിൽ മാവൂർ ഗ്വാളിയർ റയോൺസ് മേഖലയിലെ രണ്ട് സ്ഥാപനങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് മനുഷ്യോപയോഗത്തിന് തീർത്തും യോഗ്യമല്ലാത്ത മുട്ടകൾ കണ്ടെത്തിയത്. പിടിച്ചെടുത്ത മുട്ടകൾ നശിപ്പിക്കുന്നതിനുള്ള നടപടികൾ ഉദ്യോഗസ്ഥർ ആരംഭിച്ചു.

മാവൂരിലെ 'പുനത്തിൽ', 'പിയു എഗ് സ്റ്റോൾ' എന്നീ സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. നല്ല മുട്ടകൾക്കൊപ്പം പൊട്ടിയതും ചീഞ്ഞതും പ്രാണികൾ ആക്രമിച്ചതുമായ മുട്ടകൾ ബേക്കറി നിർമ്മാണ യൂണിറ്റുകൾക്ക് വിൽപ്പന നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. എ.സി സൗകര്യത്തിലും അല്ലാതെയും സൂക്ഷിച്ച നിലയിലായിരുന്നു ഇവ. രണ്ട് സ്ഥാപനങ്ങൾക്കും കൂടി പ്രതിദിനം ഏകദേശം രണ്ടേമുക്കാൽ ലക്ഷം രൂപയുടെ വിറ്റുവരവുള്ളതായാണ് വിവരം.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിൽ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തുന്നത് ഗുരുതരമായ നിയമലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി. സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചതോടൊപ്പം, 2006-ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം അഡ്ജുഡിക്കേഷൻ നടപടികളും ആരംഭിച്ചിട്ടുണ്ട്.

സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുക എന്നത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും, ഭക്ഷ്യവസ്തുക്കൾ ഉൽപ്പാദിപ്പിക്കുകയും സംഭരിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന ഓരോരുത്തരുടെയും കടമയാണെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ഡോ. ജോസഫ് കുര്യാക്കോസ് പറഞ്ഞു. കുന്നമംഗലം ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. എ.പി. അനു, എലത്തൂർ ഫുഡ് സേഫ്റ്റി ഓഫീസർ സി.എ. വിമൽ, അസിസ്റ്റന്റ് ബിജിത എന്നിവരും പരിശോധനയിൽ പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ