കോഴിക്കോട്: വടകരയിൽ അധ്യാപികമാർ ഉൾപ്പെടെ അറസ്റ്റിലായ എം.ഡി.എം.എ കേസിലെ മുഖ്യപ്രതി പിടിയിൽ. വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഷിന്റോയെയാണ് ഹൈദരാബാദിൽ നിന്ന് പോലീസ് പിടികൂടിയത്. മലബാറിലേക്ക് വൻതോതിൽ എം.ഡി.എം.എ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പോലീസ് വ്യക്തമാക്കി.
കേസിൽ അധ്യാപികമാർ അറസ്റ്റിലായതിന് പിന്നാലെ ഒളിവിൽ പോയ ഷിന്റോയ്ക്കായി കഴിഞ്ഞ നാല് മാസത്തിലേറെയായി കേരള പോലീസ് വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടെ മറ്റൊരു ലഹരിക്കേസുമായി ബന്ധപ്പെട്ട് ഇയാൾ ഹൈദരാബാദ് പോലീസിന്റെ പിടിയിലാവുകയായിരുന്നു. പ്രതിയെ നാളെ കേരളത്തിലെത്തിക്കും.
കഴിഞ്ഞ ദിവസം ഷിന്റോയുടെ സുഹൃത്തുക്കളായ രണ്ട് പേരെ പോലീസ് പിടികൂടിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ പതിനൊന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ ഭൂരിഭാഗം പേർക്കും നിലവിൽ ജാമ്യം ലഭിച്ചിട്ടുണ്ട്. നേരത്തെ വടകര താഴെ അങ്ങാടി സ്വദേശി സഫ്വാനെ എം.ഡി.എം.എയുമായി പിടികൂടിയതിനെത്തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അധ്യാപികമാർ ഉൾപ്പെടെയുള്ള മറ്റ് പ്രതികളിലേക്കും മുഖ്യസൂത്രധാരനായ ഷിന്റോയിലേക്കും പോലീസ് എത്തിയത്.
