തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് എഴുപതാം പിറന്നാൾ. 1956 നവംബർ ഒന്നിന് മലബാർ, കൊച്ചി, തിരുവിതാംകൂർ പ്രദേശങ്ങൾ സംയോജിപ്പിച്ച് രൂപീകൃതമായ ശേഷം ഏഴ് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ വിദ്യാഭ്യാസം, ആരോഗ്യം, സാക്ഷരത തുടങ്ങിയ മേഖലകളിൽ രാജ്യത്തിന് തന്നെ മാതൃകയായി കേരളം മുന്നേറുകയാണ്. സംസ്ഥാനത്തിന്റെ പേര് 'കേരള' എന്നതിൽ നിന്ന് 'കേരളം' എന്ന് ഔദ്യോഗികമായി മാറ്റിയ ശേഷമുള്ള ആദ്യ കേരളപ്പിറവി ദിനം കൂടിയാണ് ഇത്തവണത്തേത്.
നവോത്ഥാന മുന്നേറ്റങ്ങൾ, ഭൂപരിഷ്കരണം, വിദ്യാഭ്യാസ ബിൽ, സാക്ഷരതാ യജ്ഞം, അധികാര വികേന്ദ്രീകരണം എന്നിവയിലൂടെ കൈവരിച്ച സാമൂഹിക പുരോഗതിയാണ് കേരളത്തിന്റെ അടിത്തറ. കല, സാംസ്കാരികം, വിനോദസഞ്ചാരം എന്നീ മേഖലകളിലും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടാൻ സംസ്ഥാനത്തിന് സാധിച്ചു. വർഗീയ ധ്രുവീകരണങ്ങളെ ചെറുത്ത് മതേതര പാരമ്പര്യവും ഭാഷാ സംസ്കാരങ്ങളും സംരക്ഷിച്ചുകൊണ്ട് നവകേരള നിർമ്മിതിയിലേക്ക് മുന്നേറാനുള്ള ആഹ്വാനത്തോടെയാണ് മലയാളി സമൂഹം ഇന്ന് കേരളപ്പിറവി ആഘോഷിക്കുന്നത്.
