തിരുവനന്തപുരം: കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകരെ എയ്ഡഡ് സ്കൂളുകളിൽ നിന്ന് പിരിച്ചുവിടാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. 2025 സെപ്റ്റംബർ ഒന്നിനോ അതിനുശേഷമോ കെ-ടെറ്റ് യോഗ്യതയില്ലാതെ എയ്ഡഡ് സ്കൂളുകളിൽ നിയമിക്കപ്പെട്ടവരെ മാനേജർമാർ ഉടനടി പിരിച്ചുവിടണം. കൂടാതെ, തസ്തികയ്ക്ക് ആവശ്യമായ യോഗ്യതയില്ലാതെ ലഭിച്ച പ്രൊമോഷനുകൾ റദ്ദാക്കി അധ്യാപകരെ മാതൃ തസ്തികയിലേക്ക് തിരികെ അയക്കാനും നിർദ്ദേശമുണ്ട്.
2026 ഒക്ടോബർ 29 മുതൽ കെ-ടെറ്റ് ഇളവുകളുടെ അടിസ്ഥാനത്തിൽ അധ്യാപകർക്ക് പുതിയ നിയമനാംഗീകാരമോ സ്ഥാനക്കയറ്റമോ അനുവദിക്കില്ല. അതേസമയം, പി.എസ്.സി. അഡ്വൈസ് മെമ്മോ ലഭിച്ചിട്ടുള്ള ടെറ്റ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് പ്രൊവിഷണൽ അടിസ്ഥാനത്തിൽ നിയമനം നൽകാം. ഇവർ പിന്നീട് ടെറ്റ് യോഗ്യത നേടുന്ന മുറയ്ക്ക് സീനിയോറിറ്റി നിലനിർത്തി നിയമനം ക്രമീകരിക്കും. 2025 ഓഗസ്റ്റ് 31 വരെയുള്ള ദിവസവേതനക്കാരുടെ കുടിശ്ശിക ശമ്പളം നൽകാനും, കെ-ടെറ്റ് ഇല്ലാത്തതിന്റെ പേരിൽ തടഞ്ഞുവെച്ച ഇൻക്രിമെന്റ്, ഗ്രേഡ് ആനുകൂല്യങ്ങൾ അനുവദിക്കാനും ഉത്തരവിൽ വ്യക്തമാക്കുന്നു.
