കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷന് സംസ്ഥാനത്തെ തൊഴിലാളികൾക്കും തൊഴിലുടമകൾക്കുമിടയിൽ വൻ സ്വീകാര്യത. പുറത്തിറങ്ങി രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ആപ്പ് ഡൗൺലോഡ് ചെയ്തവരുടെ എണ്ണം പതിനൊന്നായിരം കവിഞ്ഞു. ബോർഡിൽ രജിസ്റ്റർ ചെയ്ത മോട്ടോർ തൊഴിലാളികൾക്കും വാഹന ഉടമകൾക്കും ഒരേപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ആപ്ലിക്കേഷൻ സജ്ജീകരിച്ചിരിക്കുന്നത്. ഓഫീസുകൾ നേരിട്ട് സന്ദർശിക്കാതെ തന്നെ സ്മാർട്ട്ഫോൺ വഴി വേഗത്തിലും സുരക്ഷിതമായും സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആപ്പിനൊപ്പം ഔദ്യോഗിക പോർട്ടലും (kmtwwfb.kerala.gov.in) സജ്ജമാക്കിയിട്ടുണ്ട്. വാഹനങ്ങളുടെയും ജീവനക്കാരുടെയും പുതിയ രജിസ്ട്രേഷൻ നടപടികൾ പൂർണ്ണമായും ഇതുവഴിയാണ് നടപ്പാക്കുന്നത്. വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാവിധ സേവനങ്ങളും ഇതിനകം ഓൺലൈനാക്കി മാറ്റി. തൊഴിലാളികൾക്കുള്ള വിവിധ ക്ഷേമ ആനുകൂല്യങ്ങൾക്കായുള്ള അപേക്ഷ സമർപ്പണവും ധനസഹായ വിതരണവും ഉൾപ്പെടെയുള്ള മറ്റ് സേവനങ്ങളും ഘട്ടംഘട്ടമായി ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റും. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നോ ഔദ്യോഗിക ക്യുആർ കോഡ് സ്കാൻ ചെയ്തോ ഉപയോക്താക്കൾക്ക് ഈ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
