Zygo-Ad

റേഷൻ കാർഡ് ഇ-കെ.വൈ.സി റദ്ദാക്കിയെന്ന വ്യാജ എസ്.എം.എസ് സന്ദേശങ്ങൾ വ്യാപകം; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്


കണ്ണൂർ: റേഷൻ കാർഡുമായി ബന്ധപ്പെട്ട് മൊബൈൽ ഫോണുകളിലേക്ക് പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് കർശന ജാഗ്രതാ നിർദ്ദേശവുമായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് രംഗത്തെത്തി. റേഷൻ കാർഡിന്റെ ഇ-കെ.വൈ.സി (e-KYC) റദ്ദാക്കിയെന്നും, കാർഡ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയെന്നും അല്ലെങ്കിൽ രേഖകളിൽ പിശക് കണ്ടെത്തിയെന്നും കാണിച്ച് വ്യാജ എസ്.എം.എസ് സന്ദേശങ്ങൾ വ്യാപകമായി ലഭിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

നിയമനടപടികൾ ഒഴിവാക്കാനോ വിവരങ്ങൾ പുതുക്കാനോ എന്ന വ്യാജേന ഇത്തരം സന്ദേശങ്ങളിൽ നൽകിയിട്ടുള്ള ഷോർട്ട് ലിങ്കുകൾ (ഉദാഹരണത്തിന് ln.run/... പോലുള്ളവ) യാതൊരു കാരണവശാലും തുറക്കുകയോ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം സന്ദേശങ്ങൾ പൊതുവിതരണ വകുപ്പ് അയക്കുന്നതല്ലെന്നും ഇവ പൂർണ്ണമായും തട്ടിപ്പുകാരുടെ സൃഷ്ടിയാണെന്നും വകുപ്പ് അറിയിച്ചു.

സംശയനിവാരണത്തിനും ഔദ്യോഗിക വിവരങ്ങൾക്കുമായി 0471 2322155 എന്ന നമ്പറിലോ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ civilsupplieskerala.gov.in വഴിയോ ബന്ധപ്പെടാവുന്നതാണ്.



വളരെ പുതിയ വളരെ പഴയ