തിരുവനന്തപുരം: വിദ്യാർത്ഥികളുടെ സ്കൂൾ ബാഗിന്റെ അമിതഭാരം കുറയ്ക്കുന്നതിനുള്ള പ്രായോഗിക നടപടികളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. കുട്ടികളുടെ ശാരീരികവും മാനസികവുമായ സമ്മർദ്ദം ലഘൂകരിക്കുന്നതിന്റെ ഭാഗമായി സ്കൂൾ ബാഗിന്റെ ഭാരം ശാസ്ത്രീയമായി ക്രമീകരിക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക ഉന്നതതല യോഗം ഉടൻ ചേരും. ദിവസേന കൊണ്ടുവരേണ്ട പുസ്തകങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനായി സ്കൂൾ ടൈംടേബിൾ പുനഃക്രമീകരിക്കുന്നതടക്കമുള്ള നിർദ്ദേശങ്ങൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്യും.
കുട്ടികളുടെ പ്രായത്തിനും ക്ലാസിനും അനുസൃതമായി ബാഗിന്റെ ഭാരം നിശ്ചയിക്കുന്നതിനുള്ള മാർഗ്ഗരേഖകൾ കർശനമായി നടപ്പാക്കാനാണ് ആലോചന. ഉന്നതതല യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ സ്കൂളുകൾക്ക് പുതിയ നിർദ്ദേശങ്ങൾ നൽകും.
