ന്യൂഡൽഹി: ഹ്രസ്വകാലയളവിലേക്ക് യുവാക്കളെ സായുധ സേനയിൽ നിയോഗിക്കുന്ന അഗ്നിപഥ് പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. ആദ്യ ബാച്ചിലെ അഗ്നിവീറായി നിയമിക്കപ്പെട്ടവരിൽ 25 ശതമാനം പേരെ സേനയിൽ സ്ഥിരപ്പെടുത്തി. ശേഷിക്കുന്ന 75 ശതമാനം പേരുടെ സേവന കാലാവധി രണ്ട് വർഷം കൂടി നീട്ടി നൽകാൻ തീരുമാനിച്ചതായി സംയുക്ത സേനാ മേധാവി ജനറൽ എൻ.എസ്. രാജാസുബ്രഹ്മണി അറിയിച്ചു.
ഈ അധിക കാലാവധി പൂർത്തിയാക്കിയ ശേഷം താല്പര്യമുള്ളവർക്ക് നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സേനയിൽ സ്ഥിരമായി തുടരാൻ അവസരമുണ്ടായിരിക്കും. നാല് വർഷത്തെ സേവന കാലാവധി പൂർത്തിയാക്കി ആദ്യ ബാച്ചിലെ പതിനെട്ടായിരത്തിലധികം അഗ്നിവീറുകൾ ഡിസംബർ 31-ഓടെ വിരമിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ ഈ നിർണായക തീരുമാനം.
2022 ജൂൺ 14-നാണ് അഗ്നിപഥ് പദ്ധതി ആരംഭിച്ചത്. അഗ്നിവീറുകളുടെ നാല് വർഷത്തെ പ്രകടനം വിലയിരുത്തിയതിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും സേനയ്ക്കും അഗ്നിവീറുകൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന തീരുമാനമാണിതെന്നും സംയുക്ത സേനാ മേധാവി വ്യക്തമാക്കി.
