വയനാട്: എസ്എഫ്ഐ വയനാട് ജില്ലാ നേതൃത്വത്തിലെ വിഭാഗീയതയും തമ്മിലടിയും പരസ്യപ്പോരിലേക്ക്. ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ പാർട്ടി ഓഫീസിൽ വെച്ച് തന്നെ ക്രൂരമായി മർദിച്ചെന്നും ജീവന് ഭീഷണിയുണ്ടെന്നും വെളിപ്പെടുത്തി ജില്ലാ ജോയിന്റ് സെക്രട്ടറി സായന്ത് രംഗത്തെത്തി. നാളെ ജീവിച്ചിരിക്കുമോ എന്ന് പോലും ഉറപ്പില്ലാത്ത സാഹചര്യമാണുള്ളതെന്നും സായന്ത് പറഞ്ഞു.
കഴിഞ്ഞ മാസം 12-ന് പുൽപള്ളിയിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ വെച്ചായിരുന്നു സംഭവം. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവുമായ സാന്ദ്ര രവീന്ദ്രൻ, ജില്ലാ സെക്രട്ടറി എം.എസ്. ആദർശ് എന്നിവരടങ്ങുന്ന സംഘം ഇരുമ്പ് വടിയും മൈക്ക് സ്റ്റാൻഡും ഉപയോഗിച്ച് മർദിച്ചെന്നാണ് ആരോപണം. പൂക്കോട് സർവകലാശാലയിലെ സിദ്ധാർഥന്റെ അനുഭവം ഓർമയുണ്ടല്ലോ എന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ആക്രമണം. ഗ്യാനേഷ് കുമാറിനെതിരായ സമരത്തിൽ എസ്എഫ്ഐയെ പ്രതിനിധീകരിച്ച് പ്രസംഗിച്ചതിനെ ചോദ്യം ചെയ്തായിരുന്നു മർദനമെന്നും, തുടർന്ന് ശുചിമുറിയിൽ പൂട്ടിയിടുകയും കോളജ് പഠനം പൂർത്തിയാക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി സായന്ത് ആരോപിക്കുന്നു. നേതാക്കൾ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.
മർദനത്തിൽ പരിക്കേറ്റ സായന്തിനെ ഡിവൈഎഫ്ഐ നേതാക്കളാണ് ആശുപത്രിയിലാക്കിയത്. എന്നാൽ അപകടത്തിൽ പരിക്കേറ്റതാണെന്ന് പറയാൻ നേതാക്കൾ നിർബന്ധിക്കുകയായിരുന്നു. സംഭവത്തിൽ സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിക്കുന്നതെന്നും സായന്ത് വ്യക്തമാക്കി. അതേസമയം ആരോപണങ്ങളിൽ പ്രതികരിക്കാൻ എസ്എഫ്ഐ ജില്ലാ നേതൃത്വം തയ്യാറായിട്ടില്ല.
