തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ ലഭിക്കാൻ സാധ്യത നിലനിൽക്കുന്നത്. ശക്തമായ மழை കണക്കിലെടുത്ത് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കാവുന്ന ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. തിങ്കളാഴ്ച അർധരാത്രി മുതൽ ചൊവ്വാഴ്ച പുലർച്ചെ വരെയുള്ള സമയത്ത് ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാപ്രദേശ് തീരത്ത് നെല്ലൂരിനും നരസാപുരത്തിനും ഇടയിൽ പരമാവധി 120 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും അടുത്ത രണ്ടുമൂന്ന് ദിവസം സംസ്ഥാനത്ത് പലയിടങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
