Zygo-Ad

വഖഫ് ബോർഡ് പുനഃസംഘടന: കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എൻ. ഷംസുദീൻ; ബഹുജനപ്രക്ഷോഭം മാറ്റിവെച്ച് എ.പി. വിഭാഗം


കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എൻ. ഷംസുദീൻ. ചർച്ചയ്ക്ക് പിന്നാലെ മറ്റന്നാൾ നടത്താനിരുന്ന ബഹുജന പ്രതിഷേധ മാർച്ച് എ.പി. വിഭാഗം മാറ്റിവെച്ചു. വഖഫ് ബോർഡിൽ അർഹമായ പ്രാതിനിധ്യം നൽകുമെന്ന ഉറപ്പിന്മേലാണ് തീരുമാനം.

പ്രശ്നത്തിന് ഉടൻ പരിഹാരമുണ്ടാകുമെന്നും സർക്കാരിന് മുന്നിലുള്ള പ്രതിസന്ധികൾ കാന്തപുരത്തെ ധരിപ്പിച്ചതായും കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി അറിയിച്ചു. പുനഃസംഘടനയിൽ ആരെയും ബോധപൂർവ്വം ഒഴിവാക്കിയിട്ടില്ലെന്നും വിവാദം ഒഴിവാക്കാമായിരുന്നു എന്നും മന്ത്രി വ്യക്തമാക്കി. വഖഫ് ബോർഡിൽ അംഗത്വം ലഭിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി വണ്ടൂർ അബ്ദുറഹ്മാൻ ഫൈസിയും സ്ഥിരീകരിച്ചു.

മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുടെ നിർദ്ദേശപ്രകാരം പൊന്നാനി എം.എൽ.എ. കെ.പി. നൗഷാദ് അലി എ.പി. വിഭാഗം നേതാക്കളുമായി നടത്തിയ ആദ്യഘട്ട ചർച്ചകളിലാണ് സമവായത്തിന് വഴിതുറന്നത്. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി ബോർഡ് അംഗത്വം രാജിവെച്ച് ഹജ്ജ് കമ്മിറ്റി ചെയർമാനാകുന്നതോടെ ഉണ്ടാകുന്ന ഒഴിവിലേക്ക് എ.പി. വിഭാഗം പ്രതിനിധിയെ പരിഗണിക്കും. സമവായ നീക്കങ്ങളിൽ സന്തോഷമുണ്ടെന്ന് വഖഫ് ബോർഡ് ചെയർമാൻ എം.സി. മായിൻ ഹാജി പ്രതികരിച്ചു.



വളരെ പുതിയ വളരെ പഴയ