മാന്യ വായനക്കാർക്ക് ഓപ്പൺ മലയാളം ന്യൂസ് നെറ്റ് വർക്കിന്ടെ വിജയദശമി ആശംസകൾ
ഇന്ന് വിജയദശമി. അറിവിന്റെ ലോകത്തേക്ക് കുരുന്നുകൾ പിച്ചവെക്കുന്ന വിദ്യാരംഭ ചടങ്ങുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുന്നു. ആയിരക്കണക്കിന് കുരുന്നുകളാണ് ഇന്ന് രാവിലെ മുതൽ ആദ്യാക്ഷരം കുറിക്കാനായി വിവിധ ഇടങ്ങളിൽ എത്തിച്ചേർന്നുകൊണ്ടിരിക്കുന്നത്.
നവരാത്രി ആഘോഷങ്ങളുടെ സമാപന ദിവസമായ വിജയദശമി വിദ്യാരംഭത്തിന് ഏറ്റവും വിശേഷപ്പെട്ട ദിവസമായാണ് കണക്കാക്കപ്പെടുന്നത്. ദക്ഷിണ മൂകാംബികയായ ചോറ്റാനിക്കര ഭഗവതി ക്ഷേത്രം, തിരുവനന്തപുരം പൂജപ്പുര സരസ്വതി മണ്ഡപം, തുഞ്ചൻപറമ്പ് എന്നിവടങ്ങൾക്ക് പുറമെ സംസ്ഥാനത്തെ വിവിധ പ്രമുഖ ക്ഷേത്രങ്ങളിലും സരസ്വതി പൂജയും വിദ്യാരംഭ ചടങ്ങുകളും പുലർച്ചെ മുതൽ തന്നെ ആരംഭിച്ചിരുന്നു.
കുട്ടികളുടെ ആദ്യക്ഷരാഭ്യാസം മാത്രമല്ല, സംഗീതം, നൃത്തം തുടങ്ങിയ കലകളിൽ അരങ്ങേറ്റം കുറിക്കാനും ഇന്നത്തെ ദിവസം ഉത്തമമായി കണക്കാക്കപ്പെടുന്നു. മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും സാന്നിധ്യത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുന്നതോടെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്ക് സമാപനമാകും.
