കണ്ണൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കണ്ണൂർ ജില്ലാ ആസ്ഥാന മന്ദിരമായ ഇസ്ലാമിക് സെന്ററിന് നേരെ ആക്രമണം. ഓഫീസിന്റെ ജനൽച്ചില്ലുകൾ അക്രമികൾ അടിച്ചുതകർത്തു. കണ്ണൂർ ട്രെയിനിങ് സ്കൂളിന് സമീപമാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.
എസ്.കെ.എസ്.എസ്.എഫ്. മട്ടന്നൂർ മേഖലാ കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിലും ആക്രമണത്തിലും കലാശിച്ചത്. മുൻപ് മട്ടന്നൂർ പഴശ്ശിയിൽ വെച്ച് നടത്താനിരുന്ന കൗൺസിൽ സംഗമം തടസ്സപ്പെട്ടിരുന്നു. തുടർന്ന് പ്രശ്നപരിഹാരത്തിനായി എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി നേരിട്ട് ഇടപെട്ടാണ് സമസ്ത ജില്ലാ ആസ്ഥാനത്ത് കൗൺസിൽ യോഗം വിളിച്ചുചേർത്തത്.
യോഗം പുരോഗമിക്കുന്നതിനിടെ കൗൺസിലർമാരോ എസ്.കെ.എസ്.എസ്.എഫ്. പ്രവർത്തകരോ അല്ലാത്ത ഒരു സംഘം ഇസ്ലാമിക് സെന്ററിലേക്ക് അതിക്രമിച്ചു കയറി ബഹളമുണ്ടാക്കുകയും കെട്ടിടത്തിന് നേരെ ആക്രമണം അഴിച്ചുവിടുകയുമായിരുന്നുവെന്ന് സംഘടനാനേതാക്കൾ വ്യക്തമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
