തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ നിയമന അംഗീകാര നടപടികൾക്ക് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സെപ്റ്റംബർ 25-ലെ സർക്കാർ ഉത്തരവ് (സ.ഉ.(കൈ) നം.149/2026/GEDN) പ്രകാരമാണ് നിർദിഷ്ട പ്രൊഫോർമ ഉൾപ്പെടുത്തി പുതിയ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പോളിടെക്നിക്കുകൾ, സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയ മേഖലകളിലെ നിയമനങ്ങളിൽ പൊലീസ് വെരിഫിക്കേഷൻ കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന വിലയിരുത്തലിലാണ് നടപടി. പുതിയ നിർദേശപ്രകാരം നിയമന അംഗീകാരത്തിനായി സമർപ്പിക്കുന്ന രേഖകൾക്കൊപ്പം പൊലീസ് അധികാരികളിൽ നിന്നുള്ള വെരിഫിക്കേഷൻ റിപ്പോർട്ട് കൂടി ഉൾപ്പെടുത്തണം. നിയമന നടപടികളിൽ കൂടുതൽ കൃത്യതയും സുതാര്യതയും വരുത്താൻ പുതിയ ഉത്തരവ് ഉപകരിക്കും.
