Zygo-Ad

ഫോൺ അപ്ഡേറ്റ് ചെയ്തതിന് പിന്നാലെ സ്ക്രീൻ കറുത്തു; ഇടക്കൊച്ചി സ്വദേശിക്ക് ലക്ഷത്തിനടുത്ത് രൂപ നഷ്ടമായി


ഫോൺ ഉപയോഗിക്കുന്നതിനിടെ വന്ന അപ്ഡേഷൻ സന്ദേശത്തിൽ ക്ലിക്ക് ചെയ്തതിന് പിന്നാലെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായതായി പരാതി. ഇടക്കൊച്ചി സ്വദേശിയായ സുബിനാണ് തൊണ്ണൂറ്റിയെട്ടായിരത്തി എണ്ണൂറ്റിയെൺപത്തിയെട്ട് രൂപ നഷ്ടമായത്.

കഴിഞ്ഞ ബുധനാഴ്ച ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ അപ്ഡേഷൻ കാണിക്കുകയും അതിൽ ക്ലിക്ക് ചെയ്തതോടെ സ്ക്രീൻ പൂർണമായും കറുത്ത നിറമാവുകയുമായിരുന്നു. മൂന്ന് മിനിറ്റിന് ശേഷം ഫോൺ തനിയെ ഓണായ ഉടൻ ഗൂഗിൾ പേ വഴി പണം കൈമാറിയ സന്ദേശം ലഭിക്കുകയായിരുന്നു എന്ന് സുബിൻ പറഞ്ഞു.

അസമിലെ ഒരു അക്കൗണ്ടിലേക്കാണ് പണം കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. അവിടെ നിന്ന് മറ്റ് പല അക്കൗണ്ടുകളിലേക്ക് പണം മാറിയതായും പൊലീസ് വ്യക്തമാക്കി. പ്രിന്റിങ് പ്രസ് ജീവനക്കാരനായ തന്റെ സമ്പാദ്യം മുഴുവൻ നഷ്ടമായതായും ഇനി നാല് രൂപ മാത്രമാണ് അക്കൗണ്ടിൽ ഉള്ളതെന്നും സുബിൻ പറഞ്ഞു. സംഭവത്തിൽ സൈബർ സെല്ലിലും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാകാം പണം നഷ്ടപ്പെടാൻ കാരണമെന്നാണ് പൊലീസിന്റെ നിഗമനം.



വളരെ പുതിയ വളരെ പഴയ