തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷകൾ നടക്കുന്ന സമയത്ത് പരീക്ഷാ ഡ്യൂട്ടിയില്ലാത്ത അധ്യാപകർ നിർബന്ധമായും സ്കൂളിൽ ഹാജരാകണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം വ്യക്തമാക്കി. ഇതുസംബന്ധിച്ച് അക്കാദമിക് ജോയിന്റ് ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചു.
ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷകൾ 2026 ഒക്ടോബർ 12 മുതൽ ഒക്ടോബർ 17 വരെയാണ് നടക്കുന്നത്. എല്ലാ അധ്യാപകർക്കും പരീക്ഷാ ഡ്യൂട്ടി ഉണ്ടായിരിക്കില്ലെന്നതിനാൽ ഡ്യൂട്ടിയില്ലാത്തവർ സ്കൂളുകളിൽ എത്തണമെന്ന് നിർദ്ദേശമുണ്ട്. പരീക്ഷകളുടെ സുഗമമായ നടത്തിപ്പിന് തടസ്സമാകാത്ത രീതിയിൽ ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ ക്രമീകരിക്കുന്നതിന് ആവശ്യമായ നടപടികൾ പ്രിൻസിപ്പാൾമാർ സ്വീകരിക്കേണ്ടതാണെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
