പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച സ്കൂട്ടർ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ച കേസിൽ ഇൻഷുറൻസ് കമ്പനി നൽകുന്ന 29 ലക്ഷം രൂപ വാഹന ഉടമയായ പിതാവിൽനിന്ന് തിരിച്ചുപിടിക്കാമെന്ന് മൂവാറ്റുപുഴ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ഉത്തരവിട്ടു.
2023 ഒക്ടോബർ 9ന് ആരക്കുഴ പണ്ടപ്പിള്ളി തോട്ടക്കര ശിവക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന മീങ്കുന്നം നീർക്കാനയിൽ എം.എം. ജേക്കബിനെ (59) പിന്നിൽനിന്നെത്തിയ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജേക്കബ് നാലു ദിവസത്തിനുശേഷം മരിച്ചു.
സ്കൂട്ടർ ഓടിച്ചിരുന്നത് വാഹന ഉടമയുടെ 16 വയസ്സുള്ള മകനായിരുന്നു. ലൈസൻസില്ലാത്ത പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നൽകിയതിലൂടെ മോട്ടോർ വാഹന നിയമവും ഇൻഷുറൻസ് വ്യവസ്ഥകളും ലംഘിച്ചതായി ട്രൈബ്യൂണൽ കണ്ടെത്തി.
ജേക്കബിന്റെ ഭാര്യയ്ക്കും മക്കൾക്കുമായി 21.96 ലക്ഷം രൂപ നഷ്ടപരിഹാരവും എട്ട് ശതമാനം പലിശയും കോടതി ചെലവും ഉൾപ്പെടെ നൽകാനാണ് ട്രൈബ്യൂണൽ ജഡ്ജി കെ.എൻ. ഹരികുമാറിന്റെ ഉത്തരവ്. ഈ തുക ഇൻഷുറൻസ് കമ്പനിക്ക് വാഹന ഉടമയായ പിതാവിൽനിന്ന് തിരിച്ചുപിടിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
