ന്യൂഡൽഹി :ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ ചെലവുകൾ വർധിക്കുന്നതിനിടെ ഇന്ത്യയിലടക്കം നാല് രാജ്യങ്ങളിലെ ജീവനക്കാർക്കായി സ്വയം വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ച് ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ്. അർഹരായ ജീവനക്കാർക്ക് സാമ്പത്തിക ആനുകൂല്യങ്ങളോടെ കമ്പനി വിടാനുള്ള അവസരമാണ് ഇതിലൂടെ നൽകുന്നത്. ഏകദേശം 60,000 ജീവനക്കാരെ ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നത്. കമ്പനിയുടെ ആഗോള ജീവനക്കാരുടെ നാലിലൊന്നിലധികം വരുമിത്.
ഇന്ത്യ, യുഎസ്, യുകെ, കാനഡ എന്നീ രാജ്യങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ടീമുകളിലെ ജീവനക്കാർക്കാണ് പദ്ധതി. നിശ്ചിത സമയത്തേക്ക് മാത്രമുള്ള ഈ ഓഫർ സ്വീകരിക്കണോ എന്ന് ജീവനക്കാർക്ക് ഡിസംബർ ആദ്യംവരെ തീരുമാനിക്കാം. ഓഫർ സ്വീകരിക്കുന്നവർക്ക് ഈ വർഷം അവസാനത്തോടെ ജോലി വിടാം. എഐ എക്സ്പീരിയൻസസ്, കോപൈലറ്റ്, ഫിനാൻസ്, ഹ്യൂമൻ റിസോഴ്സസ്, എക്സ്ബോക്സ്, വിൻഡോസ് പ്ലസ് ഡിവൈസസ് തുടങ്ങിയ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കാണ് അവസരം. അതേസമയം മാർക്കറ്റിങ്, കൊമേഴ്സ്യൽ ബിസിനസ്, സെക്യൂരിറ്റി തുടങ്ങിയ വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
സാമ്പത്തിക സഹായത്തിനൊപ്പം കരിയർ ആസൂത്രണത്തിനുള്ള സഹായവും ലഭിക്കും. ഓരോ ജീവനക്കാരന്റെയും പദവി, ജോലി ചെയ്യുന്ന സ്ഥലം, സേവനകാലം, സീനിയോറിറ്റി ലെവലുകൾ എന്നിവ പരിഗണിച്ചാണ് ആനുകൂല്യങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.
