കോഴിക്കോട്: 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ സുഗമമായ നടത്തിപ്പിനും മത്സരവേദികളിലേക്കും താമസസ്ഥലങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരുന്നതിനുമായി റിസപ്ഷൻ കമ്മിറ്റിയും കേരള പോലീസും സംയുക്തമായി റൂട്ട് മാപ്പ് ക്യു.ആർ. കോഡ് (QR Code) സംവിധാനം പുറത്തിറക്കി. എൻ.ഐ.ടി. സിന്തറ്റിക് മൈതാനത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം നിർവ്വഹിച്ചു.
വിവിധ മത്സരവേദികൾ, കായികതാരങ്ങളുടെയും ഉദ്യോഗസ്ഥരുടെയും താമസസ്ഥലങ്ങൾ എന്നിവിടങ്ങളിലേക്കുള്ള വഴികൾ ഡിജിറ്റലായി കണ്ടെത്താൻ സഹായിക്കുന്നതാണ് ഈ ആധുനിക സംവിധാനം. മൊബൈൽ ഫോണിൽ ക്യു.ആർ. കോഡ് സ്കാൻ ചെയ്യുന്നതിലൂടെ കായികതാരങ്ങൾക്കും അധ്യാപകർക്കും എസ്കോർട്ടിങ് സ്റ്റാഫിനും പൊതുജനങ്ങൾക്കും കൃത്യമായ റൂട്ട് മാപ്പ് ലഭ്യമാകും.
സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി കായികമേളയുടെ സംഘാടനം കൂടുതൽ സുഗമവും ജനസൗഹൃദവുമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ചടങ്ങിൽ പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ-വഖഫ് വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ, റിസപ്ഷൻ കമ്മിറ്റി ചെയർമാൻ പാറക്കൽ അബ്ദുള്ള എം.എൽ.എ, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എം.പി. ഷൗക്കത്തലി, റിസപ്ഷൻ കമ്മിറ്റി കൺവീനർ ആർ.കെ. ഷാഫി, മറ്റ് എം.എൽ.എമാർ, ജനപ്രതിനിധികൾ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
