കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗത്തിൽ വ്യാജ പ്രായം കാണിച്ച് മത്സരിച്ചതായി തെളിഞ്ഞു. 14 വയസ്സിന് താഴെയുള്ളവർ മത്സരിക്കുന്ന സബ് ജൂനിയർ വിഭാഗത്തിൽ പങ്കെടുത്ത താരത്തിന് മെഡിക്കൽ റിപ്പോർട്ട് പ്രകാരം 15-നും 18-നും ഇടയിൽ പ്രായമുണ്ടെന്നാണ് എല്ലുപരിശോധനയിൽ സ്ഥിരീകരിച്ചത്.
സബ് ജൂനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ പങ്കെടുത്ത വിദ്യാർത്ഥിയുടെ പ്രായം സംബന്ധിച്ച് ഉയർന്ന പരാതിയിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് മന്ത്രി എൻ ഷംസുദ്ദീൻ നിർദേശം നൽകിയിരുന്നു.
കോട്ടയം കോരുത്തോട് സ്കൂളിലെ ഉത്തർപ്രദേശ് സ്വദേശിയായ വിദ്യാർത്ഥിക്കെതിരെ കോതമംഗലം മാർ ബേസിൽ ഹയർസെക്കൻഡറി സ്കൂൾ അധികൃതരാണ് പരാതി നൽകിയത്. മത്സരാർത്ഥിക്ക് രണ്ട് ആധാർ കാർഡുകളും രണ്ട് വ്യത്യസ്ത ജനനത്തീയതിയും ഉണ്ടെന്നും പരാതിയിൽ വ്യക്തമാക്കുന്നു. ഉത്തർപ്രദേശ് അത്ലറ്റിക് അസോസിയേഷനിൽ 2012-ലെ ജനനത്തീയതിയിലാണ് വിദ്യാർത്ഥിയുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ ഇവിടെ 2014-ലെ ജനനത്തീയതിയുള്ള ആധാർ കാർഡ് ഹാജരാക്കിയാണ് സബ് ജൂനിയർ വിഭാഗത്തിൽ മത്സരിച്ചതെന്ന് മാർ ബേസിൽ സ്കൂളിലെ കായിക മേധാവി ആരോപിച്ചിരുന്നു.
