തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധിക്ക് ആശ്വാസമാകുന്നു. ഡോക്സി സൈക്കിൾ ഉൾപ്പെടെയുള്ള അവശ്യമരുന്നുകളുടെ ആദ്യ ബാച്ചുകൾ സംസ്ഥാനത്ത് എത്തിച്ചേർന്നു. പ്രമേഹം, മന്ത് രോഗങ്ങൾക്കുള്ള മരുന്നുകൾ ലഭ്യമായിട്ടുണ്ടെന്നും ഏഴിനം മരുന്നുകളുടെ സ്റ്റോക്കും കുട്ടികൾക്കുള്ള വൈറ്റമിൻ മരുന്നുകളും തിങ്കളാഴ്ച വെയർഹൗസുകളിൽ എത്തിച്ചേരുമെന്നും കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (KMSCL) വ്യക്തമാക്കി.
ആസ്പിരിൻ അടക്കം പത്തോളം മരുന്നുകൾ കൂടി വൈകാതെ എത്തും. ഒക്ടോബർ 15-ഓടെ ഓർഡർ ചെയ്ത മുഴുവൻ മരുന്നുകളും ലഭ്യമാകും.
അതേസമയം, പ്രചരിക്കുന്നത് പോലെ സംസ്ഥാനത്ത് കടുത്ത മരുന്ന് ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളിധരൻ വ്യക്തമാക്കി. പശ്ചിമേഷ്യൻ യുദ്ധം കാരണം ചില കമ്പനികൾ വിതരണത്തിൽ നിന്ന് പിന്മാറിയതും നിലവാരം കുറഞ്ഞ കമ്പനികളെ സർക്കാർ ഒഴിവാക്കിയതുമാണ് നിലവിലെ താത്കാലിക കുറവിന് കാരണം. അത് പരിഹരിക്കാൻ റെഡി പർച്ചേസ് വഴി മരുന്നുകൾ വാങ്ങുന്നുണ്ടെന്നും സർക്കാർ ആശുപത്രികളെ മോശമാക്കി കാണിക്കാനുള്ള വിദേശ കമ്പനികളുടെ പ്രചാരണങ്ങളിൽ സർക്കാർ വീഴില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
