തിരുവനന്തപുരം: കേരളത്തിന്റെ എഴുപതാം പിറവി ആഘോഷത്തിന്റെ ഭാഗമായി മുതിർന്ന പൗരന്മാർക്കും പൊതുജനങ്ങൾക്കുമായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് സപ്ലൈകോ. എഴുപത് വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള മുതിർന്ന പൗരന്മാർക്കായി ശബരി വെളിച്ചെണ്ണയിൽ വലിയ വിലക്കിഴിവാണ് സപ്ലൈകോ ഒരുക്കിയിരിക്കുന്നത്. ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന മുതിർന്ന പൗരന്മാർക്ക് ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ 229 രൂപ നിരക്കിൽ സ്വന്തമാക്കാം. പരമാവധി ചില്ലറ വിൽപന വിലയിൽ നിന്ന് 70 രൂപയുടെ കിഴിവാണ് ഇതിലൂടെ ലഭിക്കുന്നത്. നവംബർ ഒന്നു മുതൽ ഏഴു വരെയാണ് ഈ ഓഫറിന്റെ ആനുകൂല്യം ലഭ്യമാകുക.
കൂടാതെ, മലയാളത്തിലെ 'മ' എന്ന അക്ഷരത്തിൽ തുടങ്ങുന്ന ശബരി ഉൽപ്പന്നങ്ങൾക്കും സപ്ലൈകോ പ്രത്യേക ഓഫറുകൾ നൽകുന്നുണ്ട്. ശബരിയുടെ മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവയുടെ 100 ഗ്രാം പാക്കറ്റുകൾക്ക് ഏഴ് ശതമാനം വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആനുകൂല്യം പ്രായഭേദമന്യേ എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കും.
കേരളപ്പിറവി മാസത്തിൽ മധുരം പകരാൻ ശബരി പായസം മിക്സ് ഉൽപ്പന്നങ്ങൾക്കും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ ഒന്നു മുതൽ 30 വരെ പായസം മിക്സിന് പത്ത് ശതമാനം അധിക വിലക്കുറവ് എല്ലാവർക്കും ലഭ്യമാകും. സപ്ലൈകോ നിലവിൽ നൽകിവരുന്ന മറ്റ് വിലക്കുറവുകൾക്ക് പുറമെയാണ് ഈ പ്രത്യേക ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുക.
