തിരുവനന്തപുരം: റോഡുകളിലെ എ.ഐ ക്യാമറകൾ വഴി ഫൈൻ ചുമത്തുമ്പോൾ ചെലാൻ നോട്ടീസുകളിൽ നിയമലംഘനത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തുന്നത് കുടുംബകലഹങ്ങൾക്കും ദുരുപയോഗങ്ങൾക്കും ഇടയാക്കുന്നു എന്ന പരാതികളെ തുടർന്ന് ഇ-ചെലാൻ പോർട്ടലിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്. ഇനിമുതൽ വാഹന ഉടമയുടെ അനുമതിയോടെ മാത്രമേ ചിത്രങ്ങൾ കാണാനും പരിശോധിക്കാനും സാധിക്കൂ.
നേരത്തെ രജിസ്ട്രേഷൻ നമ്പർ മാത്രം ഉപയോഗിച്ച് ഏതൊരു വാഹനത്തിന്റെയും പിഴ വിവരങ്ങളും ചിത്രങ്ങളും ആർക്കും ഡൗൺലോഡ് ചെയ്യാൻ കഴിയുമായിരുന്നു. എന്നാൽ സ്ത്രീകളുടെ വാഹനങ്ങളുടെ വിവരങ്ങൾ തിരഞ്ഞുപിടിച്ച് ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച സംഭവങ്ങളും ട്രാഫിക് കൺട്രോൾ റൂമുകളിൽ നിന്നും അയക്കുന്ന ചിത്രങ്ങൾ കുടുംബങ്ങളിൽ തർക്കങ്ങൾ ഉണ്ടാക്കിയ പശ്ചാത്തലത്തിലുമാണ് സ്വകാര്യത ഉറപ്പാക്കാൻ പുതിയ പോർട്ടൽ പരിഷ്കാരം.
ഇനിമുതൽ വാഹനത്തിന്റെ രജിസ്ട്രേഷൻ വിവരങ്ങളും, പിഴ സന്ദേശമായി ലഭിക്കുന്ന എസ്.എം.എസിലെ ചെലാൻ നമ്പറും നൽകിയാൽ മാത്രമേ വിശദാംശങ്ങൾ പരിശോധിക്കാൻ സാധിക്കൂ. അതേസമയം പിഴ ചുമത്തിയത് സംബന്ധിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ https://echallan.parivahan.nic.in/grievance എന്ന വെബ്സൈറ്റ് വഴി അധികൃതരെ അറിയിക്കാവുന്നതാണ്.
