തിരുവനന്തപുരം: മന്ത്രി കെ എം ഷാജിയുടെ വിവാദമായ റേഞ്ച് റോവർ യാത്രയ്ക്ക് സർക്കാർ അനുമതിയില്ലെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്ത്. സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്യാൻ പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക അനുമതി ഉണ്ടായിരുന്നില്ല. കണ്ണൂരിൽ നിന്ന് കൂർഗിലേക്ക് പോകുന്നതിന് ഒരു ദിവസത്തേക്ക് മാത്രമാണ് അനുമതി നൽകിയിരുന്നത്. ഇതോടെ സർക്കാർ അനുമതി ലഭിച്ചിട്ടുണ്ടെന്ന മന്ത്രിയുടെ വാദം തെറ്റാണെന്ന് തെളിയുകയാണ്.
റേഞ്ച് റോവർ ഉപയോഗം വിവാദമായതിനെ തുടർന്ന്, തനിക്ക് സുഹൃത്തുക്കളുടെ ആഡംബര വാഹനങ്ങൾ നടപടിക്രമങ്ങൾ പാലിച്ച് ഉപയോഗിക്കാമെന്ന് മന്ത്രി സാമൂഹ്യമാധ്യമങ്ങളിൽ വിശദീകരിച്ചിരുന്നു. എന്നാൽ ഔദ്യോഗിക വാഹനത്തിലല്ലാതെ മറ്റൊന്നിൽ ദേശീയപതാകയും മന്ത്രിയുടെ വാഹന നമ്പറും ഉപയോഗിക്കുന്നതിന് പൊതുഭരണ വകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. ഇത്തരത്തിലുള്ള അനുമതി ഒരു ദിവസത്തേക്ക് മാത്രമാണ് നൽകിയതെന്ന് വകുപ്പിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു.
