ന്യൂഡൽഹി: ഗാർഹിക എൽപിജി ഉപഭോക്താക്കൾ സബ്സിഡി തുടർന്നു ലഭിക്കുന്നതിനായി ഒക്ടോബർ 1നകം ആധാർ ബയോമെട്രിക് സ്ഥിരീകരണം പൂർത്തിയാക്കണമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. അർഹരായ ഉപഭോക്താക്കൾക്ക് മാത്രം സബ്സിഡി ഉറപ്പാക്കാനും വ്യാജ കണക്ഷനുകളും വാണിജ്യാവശ്യത്തിനായുള്ള ദുരുപയോഗവും തടയാനുമാണ് ഈ നടപടി.
സെപ്റ്റംബർ 19 വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ 89.9 ശതമാനം ഉപഭോക്താക്കളും ഈ നടപടിക്രമം പൂർത്തിയാക്കിയിട്ടുണ്ട്. ഇനിയും ബയോമെട്രിക് ആധാർ സ്ഥിരീകരണം പൂർത്തിയാക്കാത്തവർക്ക് ഒക്ടോബർ 1 മുതൽ സബ്സിഡി നിരക്കിൽ സിലിണ്ടർ ബുക്ക് ചെയ്യാൻ സാധിക്കില്ല. എന്നാൽ ഇവർക്ക് എൽപിജി ലഭ്യത തടസ്സപ്പെടില്ല, പകരം സബ്സിഡിയില്ലാത്ത വിപണി വില നൽകേണ്ടി വരും.
ഗ്യാസ് വിതരണക്കാരുടെ അടുക്കലോ, സിലിണ്ടർ ഡെലിവറി സമയത്തോ, അല്ലെങ്കിൽ എണ്ണക്കമ്പനികളുടെ ഔദ്യോഗിക മൊബൈൽ ആപ്പുകൾ വഴിയോ ഉപഭോക്താക്കൾക്ക് ബയോമെട്രിക് സ്ഥിരീകരണം പൂർത്തിയാക്കാം. സംശയങ്ങൾക്കായി 1800 2333 555 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
