സംസ്ഥാനത്ത് ഇന്നും നാളെയും സാധാരണയേക്കാൾ ഉയർന്ന ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ താപനില ശരാശരിയിൽ നിന്ന് മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് പുനലൂരിലാണ്. സാധാരണ ലഭിക്കേണ്ടതിനേക്കാൾ 4.4 ഡിഗ്രി സെൽഷ്യസ് കൂടുതൽ ചൂടാണ് ഇവിടെ അനുഭവപ്പെട്ടത്. കോട്ടയം (35 ഡിഗ്രി സെൽഷ്യസ്), തൃശൂർ, പാലക്കാട് (34.3 ഡിഗ്രി സെൽഷ്യസ് വീതം) എന്നീ ജില്ലകളിലും ഉയർന്ന താപനില രേഖപ്പെടുത്തി.
ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി ജനങ്ങൾക്കായി പ്രത്യേക ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു:
സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം എന്നിവ ഒഴിവാക്കാൻ രാവിലെ 11 മണി മുതൽ വൈകിട്ട് 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിൽ കൊള്ളുന്നത് പരമാവധി ഒഴിവാക്കുക.
ദാഹം തോന്നിയില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുക. നിർജലീകരണത്തിന് കാരണമാകുന്ന മദ്യം, ചായ, കാപ്പി, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ പകൽ സമയത്ത് ഒഴിവാക്കുന്നത് നന്നായിരിക്കും.
അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, പാദരക്ഷകൾ എന്നിവ ഉപയോഗിക്കാനും ശ്രദ്ധിക്കുക. ORS ലായനി, സംഭാരം, പഴവർഗങ്ങൾ എന്നിവ ധാരാളമായി ഉപയോഗിക്കുക.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുടിവെള്ള ലഭ്യതയും വായുസഞ്ചാരവും ഉറപ്പാക്കണം. വെയിൽ ഏൽക്കുന്ന രീതിയിലുള്ള അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കണം. കുട്ടികളെ വിനോദസഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകൾ 11 മുതൽ 3 വരെയുള്ള സമയത്ത് നേരിട്ട് വെയിലേൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. അംഗൻവാടികളിലും കുട്ടികൾക്ക് ചൂടേൽക്കാത്ത രീതിയിലുള്ള മുൻകരുതലുകൾ സ്വീകരിക്കണം.
മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തീപിടിത്ത സാധ്യത ഉള്ളതിനാൽ ഫയർ ഓഡിറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.
