ന്യൂഡൽഹി: വരും മാസങ്ങളിൽ എൽനിനോ ശക്തിപ്പെടുന്നതിനെ തുടർന്നുണ്ടാകുന്ന കടുത്ത ഉഷ്ണതരംഗങ്ങൾ ലോകത്താകെ വലിയ ആരോഗ്യപ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന് മുന്നറിയിപ്പ്. സെപ്റ്റംബർ മുതൽ 2027 ഫെബ്രുവരി വരെയുള്ള കാലയളവിൽ ഉയർന്ന ചൂട് കാരണം ലോകത്ത് 4.5 ലക്ഷം അധിക മരണങ്ങൾ സംഭവിച്ചേക്കാമെന്ന് ക്ലൈമറ്റ് ഇംപാക്ട് ലാബ് പുറത്തുവിട്ട പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിലും ഇതിന്റെ ഭാഗമായി 15,800 അധിക മരണങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
1996 മുതൽ 2025 വരെയുള്ള കാലയളവിലെ ശരാശരി താപനിലയുമായി താരതമ്യം ചെയ്താണ് ഈ കണക്കുകൾ തയ്യാറാക്കിയിരിക്കുന്നത്. വികസിച്ചുകൊണ്ടിരിക്കുന്ന ഗ്ലോബൽ സൗത്ത് രാജ്യങ്ങളെയായിരിക്കും ഇത് ഏറ്റവും കൂടുതൽ ബാധിക്കുക. ആഫ്രിക്കയിലെ സാഹെൽ മേഖലയിൽ മാത്രം 67,000 അധിക മരണങ്ങൾ ഉണ്ടായേക്കാം. നൈജീരിയ, സുഡാൻ, നൈജർ, ചാഡ്, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലും മരണനിരക്ക് ഉയരുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ലോക കാലാവസ്ഥാ സംഘടനയുടെ വിലയിരുത്തൽ പ്രകാരം 2026 നവംബർ–ഡിസംബർ മാസങ്ങളിൽ എൽനിനോ പ്രതിഭാസം ഉച്ചസ്ഥായിയിലെത്തുകയും 2027 ഫെബ്രുവരി വരെ ശക്തമായി തുടരുകയും ചെയ്യും. ഇതിനുശേഷം ഇന്ത്യയും പാകിസ്താനും വേനൽക്കാലത്തിലേക്ക് കടക്കുന്നതോടെ ഉഷ്ണതരംഗ സാഹചര്യങ്ങളും ചൂടുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും കൂടുതൽ രൂക്ഷമായേക്കാം.
