Zygo-Ad

സംസ്ഥാന പൊതുഭരണ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; പിന്നിൽ പാകിസ്താൻ ഹാക്കർ സംഘമെന്ന് സംശയം


തിരുവനന്തപുരം: കേരള സംസ്ഥാന പൊതുഭരണ വകുപ്പിന്റെ (ജി.എ.ഡി.) ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ഞായറാഴ്ച രാവിലെയോടെയാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട വിവരം വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. വെബ്‌സൈറ്റിന്റെ ഹോം പേജിൽ പാകിസ്താന്റെ ദേശീയ പതാക പതിപ്പിക്കുകയും പാകിസ്താനെ അനുകൂലിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

'ടീം ബ്ലാക്ക്‌ലീറ്റ്‌സ്' എന്ന ഹാക്കർ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന കുറിപ്പിൽ അവകാശപ്പെടുന്നത്. സുരക്ഷാ ലംഘനം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ ഹോസ്റ്റിംഗ് സേവനദാതാക്കൾ വെബ്‌സൈറ്റിന്റെ അക്കൗണ്ട് താൽക്കാലികമായി സസ്‌പെൻഡ് ചെയ്തു.

വെബ്‌സൈറ്റിൽ നിന്നും സുപ്രധാനമായ സർക്കാർ രേഖകളോ വിവരങ്ങളോ ചോർന്നിട്ടുണ്ടോ എന്ന് സൈബർ സുരക്ഷാ വിദഗ്ദ്ധരുടെ സംഘം പരിശോധിച്ചുവരികയാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും ഉറപ്പുവരുത്തിയ ശേഷമേ വെബ്‌സൈറ്റിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കുകയുള്ളൂവെന്ന് വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ സൈബർ പോലീസിന് ഔദ്യോഗികമായി പരാതി നൽകും.



വളരെ പുതിയ വളരെ പഴയ