തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടി വർക്കർമാരെയും ഹെൽപ്പർമാരെയും മാതൃ-ശിശു വികസന ഇതര ജോലികളിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി വനിത ശിശുവികസന വകുപ്പ് സർക്കുലർ പുറത്തിറക്കി. അങ്കണവാടി ജീവനക്കാരുടെ ജോലിഭാരം കുറച്ച് മാതൃ-ശിശു സംരക്ഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ മുൻഗണന നൽകുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും വിവിധ സർക്കാർ വകുപ്പുകളും നടത്തുന്ന സർവ്വേകൾ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബി.എൽ.ഒ (BLO) ചുമതലകൾ, മറ്റ് സാമൂഹിക ക്ഷേമ പദ്ധതികളിലെ ജോലികൾ എന്നിവയ്ക്ക് ഇനി അങ്കണവാടി ജീവനക്കാരെ നിയോഗിക്കരുതെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു.
കേന്ദ്ര വനിത -ശിശു വികസന മന്ത്രാലയത്തിന്റെ 'മിഷൻ സക്ഷം അങ്കണവാടി ആൻഡ് പോഷൺ 2.0' മാർഗ്ഗനിർദ്ദേശങ്ങൾ മുൻനിർത്തിയാണ് സംസ്ഥാന സർക്കാർ ഈ സുപ്രധാന തീരുമാനമെടുത്തത്. പുതിയ നിർദ്ദേശം നിലവിൽ വരുന്നതോടെ അങ്കണവാടികളുടെ ദൈനംദിന പ്രവർത്തനങ്ങളും കുട്ടികളുടെയും ഗർഭിണികളുടെയും ക്ഷേമ പദ്ധതികളും കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കാൻ ജീവനക്കാർക്ക് കഴിയും.
