പാലക്കാട്: കെ.എസ്.ആർ.ടി.സി പ്രിയദർശിനി സൗജന്യ യാത്രാപദ്ധതിയിൽ യാത്ര ചെയ്യുന്ന സ്ത്രീകളെയും പൊതുജനങ്ങളെയും അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ചെന്ന ആരോപണത്തിൽ ഗതാഗത മന്ത്രി സി.പി. ജോൺ വിവാദത്തിൽ. കേരള പ്രൈവറ്റ് ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ (KPBTA) സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.
"പൊതുഗതാഗതം, പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം എന്നീ മേഖലകളിൽ കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നതാണ്. ബസ് വന്നാൽ കാശ് കുറഞ്ഞ ബസിൽ (പ്രിയദർശിനി ബസുകളിൽ) തള്ളിക്കയറും. എന്നാൽ മക്കളെ സർക്കാരിന്റെ ഫീസ് ഇല്ലാത്ത സ്കൂളുകളിൽ വിടാതെ സ്വകാര്യ സ്കൂളുകളിൽ വൻ തുക ഫീസ് നൽകി പഠിപ്പിക്കാനാണ് സ്ത്രീകൾക്ക് താല്പര്യം. അസുഖം വന്നാൽ സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കും," എന്നിങ്ങനെയായിരുന്നു മന്ത്രിയുടെ പ്രസംഗം.
സ്ത്രീകളുടെ സാമ്പത്തികാവസ്ഥയും പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ചുള്ള പൊതുജന മനോഭാവവും വിശദീകരിക്കുന്നതിനിടയിലാണ് മന്ത്രി ഇത്തരമൊരു പരാമർശം നടത്തിയത്. സാധാരണക്കാരായ സ്ത്രീകളെയും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങളെയും അധിക്ഷേപിക്കുന്ന രീതിയിലാണ് മന്ത്രിയുടെ സംസാരമെന്ന് ആരോപിച്ച് വിവിധ മേഖലകളിൽ നിന്നും പ്രതിഷേധം ശക്തമായിട്ടുണ്ട്
