തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർഥി ആദി ശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി ശിക്ഷിച്ച പ്രതി പ്രിയരഞ്ജന് സുപ്രീം കോടതി ജാമ്യം അനുവദിക്കുകയും ശിക്ഷ താത്കാലികമായി മരവിപ്പിക്കുകയും ചെയ്തു. ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കേസിൽ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി പ്രിയരഞ്ജന് ജീവപര്യന്തം കഠിനതടവും പത്തുലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു.
കൊലപ്പെടുത്തണമെന്ന ലക്ഷ്യം പ്രതിക്കുണ്ടായിരുന്നില്ലെന്നും കാറിന്റെ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിലാണ് മരണമുണ്ടായതെന്നുമാണ് പ്രതിഭാഗം സുപ്രീം കോടതിയിൽ വാദിച്ചത്. വിചാരണക്കോടതി ഉത്തരവിൽ തന്നെ പ്രോസിക്യൂഷൻ കണ്ടെത്തലുകളിൽ സംശയം രേഖപ്പെടുത്തുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. വിചാരണക്കോടതിയുടെ ശിക്ഷയ്ക്കെതിരെയുള്ള അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അതിൽ തീർപ്പുണ്ടാകുന്നത് വരെ ജാമ്യം അനുവദിക്കണമെന്നുമുള്ള വാദം അംഗീകരിച്ചാണ് സുപ്രീം കോടതി ഉത്തരവ്.
പൂവച്ചൽ സ്വദേശികളായ അരുൺകുമാറിന്റെയും ദീപയുടെയും മകനായ പതിനഞ്ചുകാരൻ ആദിശേഖറിനെ പ്രിയരഞ്ജൻ മനപൂർവം കാറിടിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. പൂവച്ചൽ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലിൽ പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ 2023 ഓഗസ്റ്റ് 30-ന് ആദിശേഖറിനെ പ്രിയരഞ്ജൻ കാറിടിപ്പിക്കുകയായിരുന്നു. ക്ഷേത്രത്തിന് സമീപം സൈക്കിളിൽ കയറാൻ ശ്രമിക്കുന്നതിനിടെ പിന്നിലൂടെ കാറിലെത്തിയ പ്രതി ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. ബന്ധുക്കളുടെ മൊഴിയും സിസിടിവി ദൃശ്യങ്ങളുമാണ് സംഭവം ആസൂത്രിത കൊലപാതകമാണെന്ന് തെളിയിക്കാൻ കാരണമായത്.
