തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാതിരക്ക് പരിഗണിച്ച് കെഎസ്ആർടിസി അന്തർസംസ്ഥാന സ്പെഷ്യൽ സർവീസുകൾക്കായി ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കേരളത്തിനകത്തേക്കും പുറത്തേക്കും യാത്ര ചെയ്യുന്ന യാത്രക്കാരുടെ സൗകര്യാർഥമാണ് അധിക സർവീസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചും ബസുകൾ സർവീസ് നടത്തും.
ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 2 വരെയും, കേരളത്തിൽ നിന്ന് തിരിച്ചുള്ള സർവീസുകൾ ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 1 വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്.
സൂപ്പർ ഫസ്റ്റ്, സൂപ്പർ ഡീലക്സ്, മൾട്ടി ആക്സിൽ എസി ബസുകൾ ഉൾപ്പെടെയാണ് സ്പെഷ്യൽ സർവീസിനായി ഉപയോഗിക്കുന്നത്. കോഴിക്കോട്, കണ്ണൂർ, തൃശൂർ, എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കോട്ടയം തുടങ്ങിയ പ്രമുഖ നഗരങ്ങളിൽ നിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ റൂട്ടുകളിലേക്ക് പ്രത്യേക ബസുകൾ ലഭ്യമാണ്.
എല്ലാ പ്രത്യേക സർവീസുകൾക്കും ഓൺലൈൻ റിസർവേഷൻ നടത്താവുന്നതാണ്. യാത്രക്കാർക്ക് www.keralartc.com വെബ്‌സൈറ്റ്, Ente KSRTC Neo OPRS മൊബൈൽ ആപ്പ്, സംസ്ഥാനത്തെ കെഎസ്ആർടിസി റിസർവേഷൻ കൗണ്ടറുകൾ എന്നിവ വഴി മുൻകൂട്ടി ടിക്കറ്റ് ഉറപ്പാക്കാം. ഓണാവധിക്കാലത്തെ തിരക്ക് ഒഴിവാക്കാനും യാത്ര സൗകര്യപ്രദമാക്കാനും യാത്രക്കാർ എത്രയും വേഗം ടിക്കറ്റുകൾ ബുക്ക് ചെയ്യണമെന്ന് കെഎസ്ആർടിസി അഭ്യർത്ഥിച്ചു. ആവശ്യാനുസരണം കൂടുതൽ സർവീസുകൾ ക്രമീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
