പത്തനംതിട്ട: ഓണത്തോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല ധർമശാസ്താ ക്ഷേത്രനട ഇന്ന് (ഓഗസ്റ്റ് 24) വൈകീട്ട് 5 മണിക്ക് തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാം പടിയിറങ്ങി ആഴിയിൽ അഗ്നി പകരുന്നതോടെ ഭക്തർക്ക് പ്രവേശനം അനുവദിച്ച് തുടങ്ങും.
ഉത്രാട ദിനമായ ഓഗസ്റ്റ് 25-ന് പുലർച്ചെ 5 മണിക്ക് ദർശനത്തിനായി നട തുറക്കും. അന്ന് മുതൽ നിർമ്മാല്യ ദർശനവും പതിവ് അഭിഷേകങ്ങളും തന്ത്രിയുടെ കാർമ്മികത്വത്തിൽ ഗണപതിഹോമം, നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ തുടങ്ങിയ പൂജകളും നടക്കും.
ഇത്തവണ സന്നിധാനത്തെത്തുന്ന ഭക്തർക്കും ജീവനക്കാർക്കും നൽകുന്ന തിരുവോണ സദ്യ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ടാണ് നടത്തുന്നത്. ആദ്യമായാണ് തിരുവോണ സദ്യയുടെ പൂർണ്ണ ചുമതല ദേവസ്വം ബോർഡ് ഏറ്റെടുക്കുന്നത്. സദ്യയുടെ പേരിലുള്ള വഴിപാടുകളും മറ്റ് സാമ്പത്തിക പിരിവുകളും ഒഴിവാക്കാനാണ് ഈ നടപടി. ഓണത്തോടനുബന്ധിച്ചുള്ള പ്രത്യേക പൂജകൾ പൂർത്തിയാക്കി ഓഗസ്റ്റ് 28-ന് രാത്രി 10 മണിക്ക് നട അടയ്ക്കും.
