തിരുവനന്തപുരം: ഗർഭകാലത്ത് ഔദ്യോഗിക ചുമതലകൾ നിർവഹിക്കുമ്പോൾ വനിതാ പോലീസ് ഉദ്യോഗസ്ഥർ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് യൂണിഫോം ചട്ടങ്ങളിൽ ഇളവ് അനുവദിച്ച് കേരള പോലീസ് ഉത്തരവിറക്കി.
ഗർഭിണികളായ വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് ഇനി കാക്കി സൽവാർ കമീസും ഷാളും ചെരുപ്പും ധരിച്ച് ഔദ്യോഗിക ചുമതലകൾ നിർവഹിക്കാവുന്നതാണ്. ഐജി ഹർഷിത അട്ടല്ലൂരിയാണ് ഇതുസംബന്ധിച്ച പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ആവശ്യമുള്ളവർക്ക് ഈ യൂണിഫോം ധരിക്കാമെന്നും ഇത് നിർബന്ധമല്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
നിലവിലെ യൂണിഫോം ധരിച്ച് ഗർഭകാലത്ത് ജോലി ചെയ്യുന്നതിലെ പ്രയാസങ്ങൾ കണക്കിലെടുത്താണ് ഈ പുതിയ തീരുമാനം. കേരള പോലീസ് സ്റ്റാൻഡിങ് ഓർഡറുകൾ, പോലീസ് ആസ്ഥാനത്തിന്റെ മുൻ സർക്കുലറുകൾ, ഐപിഎസ് യൂണിഫോം ചട്ടങ്ങൾ, മറ്റ് സംസ്ഥാനങ്ങളിലെ സമാന പോലീസ് നിയമങ്ങൾ എന്നിവ വിശദമായി പരിശോധിച്ച ശേഷമാണ് ഇളവ് അനുവദിച്ചത്.
സംസ്ഥാനത്തെ നിലവിലുള്ള ചട്ടങ്ങളിൽ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ഗർഭകാലത്തെയും പ്രസവാനന്തര കാലയളവിലെയും യൂണിഫോം സംബന്ധിച്ച് പ്രത്യേക വ്യവസ്ഥകൾ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥർക്ക് കൂടുതൽ സൗകര്യപ്രദമായ വസ്ത്രധാരണത്തിന് അനുമതി നൽകിയത്. അതേസമയം വനിതാ ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഐപിഎസ് യൂണിഫോം ചട്ടങ്ങൾ തന്നെയായിരിക്കും ബാധകമാവുക.
