സംസ്ഥാനത്ത് നടപ്പുവർഷത്തെ കാലവർഷ മഴയിൽ 22 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് 15 വരെയുള്ള കണക്കുകൾ കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടു. ഈ കാലയളവിൽ 1556.2 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 1213.1 മില്ലീമീറ്റർ മഴ മാത്രമാണ് കേരളത്തിൽ ലഭിച്ചത്. ഏഴ് ജില്ലകളിലാണ് ഗണ്യമായ രീതിയിൽ മഴക്കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. വയനാട്, ഇടുക്കി ജില്ലകളിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്.
വയനാട്ടിൽ 51 ശതമാനവും ഇടുക്കിയിൽ 44 ശതമാനവും മഴ കുറഞ്ഞു. കൂടാതെ കൊല്ലം 27%, തൃശ്ശൂർ 25%, പാലക്കാട് 24%, എറണാകുളം 22% എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ മഴക്കുറവ്. അതേസമയം തിരുവനന്തപുരത്തും പത്തനംതിട്ടയിലും 2 ശതമാനം അധികമഴ ലഭിച്ചു. കണ്ണൂർ, കാസർഗോഡ്, കോട്ടയം, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മഴയുടെ അളവിൽ വലിയ തോതിലുള്ള കുറവ് രേഖപ്പെടുത്തിയിട്ടില്ല.
